തിരുവനന്തപുരം: മൂന്നാര്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലരായി മുഖ്യമന്ത്രിയും മന്ത്രി എംഎം മണിയും. പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ചു നീക്കിയ നടപടിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കുരിശ് പൊളിക്കല്‍ പോലെയുള്ള നടപടികള്‍ തുടരാനാവില്ല. ഇത്തരക്കാര്‍ വേറെ പണി നോക്കണമെന്നും സര്‍ക്കാര്‍ ജോലിയില്‍ തുടരാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ കൈയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സബ്ബ് കളക്ടര്‍ക്കെതിരെയായിരുന്നു മന്ത്രി എംഎം മണി പൊട്ടിത്തെറിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ടെന്നും തോന്നിയപോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ തന്നെ മൂന്നാറിലെ നടപടികള്‍ക്കെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.

എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും ഇനിയും കുരിശ് പൊളിക്കേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തി. മൂന്നാറിലേത് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമുള്ള നടപടിയായിരുന്നു. കേരളത്തില്‍ മുന്നണി സംവിധാനമാണ് ഭരിക്കുന്നതെന്നും ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്റെ പ്രതികരണം.