തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ഷാനുവിന്റെ അമ്മാവന്റെ മകന്‍ നിയാസ് ചെയ്ത ജോലി ഡ്രൈവറുടേയും സംഘാടകന്റെയും. സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില്‍ കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ആത്മഹത്യ ചെയ്തത്.

അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില്‍ സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്‍ടിസി യില്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച് പോലീസ് ക്‌ളീയറന്‍സിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള്‍ കേസാകാതെ നോക്കാന്‍ കഴിഞ്ഞു.

ഈ രാഷ്ട്രീയ സ്വാധീനവും പോലീസിലുള്ള പിടിയും ആരേയും ഉപദ്രവിക്കാനുള്ള മടിയില്ലായ്മയുമാണ് അമ്മാവന്റെ മകനായ നിയാസിനെ പരിപാടിയില്‍ പങ്കാളിയാക്കാന്‍ ഷാനുവിനെ പ്രേരിപ്പിച്ച ഘടകം. ധാരാളം സുഹൃത്തുക്കളുള്ള നിയാസ് തട്ടിക്കൊണ്ടു പോകലില്‍ സംഘാംഗങ്ങളായി ചേര്‍ത്തതും കൂട്ടുകാരെയാണ്. പുനലൂരും ഇടമണ്ണിലുമുള്ളവരാണ് പങ്കാളികളായത്. തട്ടിക്കൊണ്ടു പോകല്‍ നടപ്പാക്കാന്‍ മൂന്ന് വാഹനങ്ങളാണ് നിയാസ് സംഘടിപ്പിച്ചത്.

സ്ഥലപരിചയം നന്നായി ഉള്ളതിനാല്‍ തട്ടിക്കൊണ്ടു പോകാന്‍ തെരഞ്ഞെടുത്തത് പിറവന്തൂര്‍-ചാലിയക്കര റോഡായിരുന്നു. വനമേഖലയാണെന്നതും വിജനമാണെന്നതുമാണ് ആനൂകൂല്യമായി കണ്ടത്. രണ്ടു വാഹനങ്ങളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടു വന്നത്.

ഇതിനിടയിലാണ് അനീഷ് തന്റെ വാഹനത്തില്‍ ഉണ്ടായിരുന്നവരോട് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞത്. തുടര്‍ന്ന് അനീഷിനെ ഇറക്കിയപ്പോള്‍ വാഹനത്തിലുള്ളവര്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ പോയി. ഈ സമയത്ത് കെവിന്റെ വാഹനത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഇറങ്ങിയ കെവിന്‍ ഇറങ്ങിയോടി. ഇതേ തുടര്‍ന്നാണ് അനീഷിനോട് കെവിന്‍ ചാടിപ്പോയെന്നും തിരിച്ചു പൊയ്‌ക്കൊള്ളാനും പറഞ്ഞത്. പിന്നീട് സംഘം പുനലൂരില്‍ നിന്നും അനീഷിനെ സംക്രാന്തിയില്‍ കൊണ്ടാക്കുകയും ചെയ്തു.

ഷാനുവിന്റെ മാതാവിന്റെ സഹോദരനാണ് നിയാസിന്റെ പിതാവ് നസിറുദ്ദീന്‍. എന്നാല്‍ ദീര്‍ഘനാളായി ഇരു കുടുംബവും തമ്മില്‍ കാര്യമായ ബന്ധമില്ലായിരുന്നു. തന്റെ മകനെ നീനുവിന്റെ മാതാപിതാക്കള്‍ കുടുക്കിയതാണെന്ന് നേരത്തേ നിയാസിന്റെ മാതാവ് ലൈലാബീവി ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രി ഷാനു നിയാസിനെ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്നും താന്‍ തനിച്ചായതിനാല്‍ ആദ്യം മടിച്ച ശേഷമാണ് മകന്‍ ഒപ്പം പോയതെന്നും ലൈലാബീവി പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ചാക്കോയും രഹ്നയും വീട്ടിലെത്തി നീനുവിന് അസുഖമാണെന്നും കൊണ്ടുവരാന്‍ പോയതാണെന്നും പറഞ്ഞു. പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈലാബീവി പറഞ്ഞത്.

മകളെ കൊണ്ടുവരാന്‍ വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ മാതാപിതാക്കള്‍ നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം നിഷേധിച്ച നിയാസ് ഷാനു വന്നതോടെ പോകുകയായിരുന്നെന്നും ലൈലാബീവി പറയുന്നു.