ശ്രീകണ്ഠപുരം (കണ്ണൂര്‍) : വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി ധര്‍മ്മകിണറിനടുത്ത് ടി.കെ. ഹൗസില്‍ വിനോദ് കുമാറിന്റെ മകന് കമല്‍ കുമാര്‍ (23), പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി. അശ്വതി(20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശശിപ്പാറയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന പോയ അശ്വതി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് അമ്മാവന് രാജേഷ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരിട്ടി മേഖലയിലുളളതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെ.എല്‍.13 എ.ഡി. 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ശശിപ്പാറ വ്യൂ പോയിന്റിനു താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്.
പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Leave a Reply