അടിവാരത്തിനു സമീപം മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. തിരുവല്ല കുന്നന്താനം ചെങ്ങരൂർ പുത്തൻവീട്ടിൽ പൗലോസിന്റെ മകൻ ജോയൽ പൗലോസ് (19)ആണ് ഇന്നലെ ഉച്ചയ്ക്ക് 12.30നു മരിച്ചത്. ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു.
പതിനെട്ടു പേരടങ്ങുന്ന സുഹൃദ്സംഘം ബൈക്കുകളിലും കാറിലുമായാണ് അടിവാരത്തെത്തിയത്. ഇവരിൽ ജോയൽ മാത്രമാണു വെള്ളത്തിലിറങ്ങിയത്. മെട്രോവുഡ് പ്ലൈവുഡ് ഫാക്ടറിക്കു സമീപത്തെ കുത്തൊഴുക്കുള്ള കയത്തിലാണ് സംഘമെത്തിയത്.
മുങ്ങിത്താഴ്ന്ന ജോയലിനെ കൂടിയുണ്ടായിരുന്നവർക്കു രക്ഷിക്കാനായില്ല. ഈരാറ്റുപേട്ടയിൽനിന്നു ഫയർഫോഴ്സും പോലീസും എത്തി ജോയലിനെ കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.
ജോയലിന്റെ മാതാവ് മിനു പൗലോസ് മല്ലപ്പള്ളി കടുമാൻകുളം ചാക്കോഭാഗം സെന്റ് മേരീസ് എൽപി സ്കൂൾ അധ്യാപികയാണ്.
ഏക സഹോദരി സിസ്റ്റർ ക്ലെയർ എസ്ഐസി (ബംഗളുരു ധർമാരാം).
കഴിഞ്ഞ ഏപ്രിൽ 17നു കോട്ടയത്തുനിന്നുള്ള രണ്ട് സ്കൂൾ വിദ്യാർഥികൾ പൂഞ്ഞാറിനുസമീപം ഉറവക്കയത്തിൽ മുങ്ങിമരിച്ചതിനു പിന്നാലെ ഗ്രാമപഞ്ചായത്ത് കയങ്ങൾക്കും കടവുകൾക്കും സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
Leave a Reply