യുകെയില്‍ ഇന്ധനവിലയിലുണ്ടായത് വന്‍ വര്‍ദ്ധനവ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസി ഇന്ധന വിലവര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയ തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് മെയ് മാസത്തിലുണ്ടായതെന്നാണ് വിലയിരുത്തല്‍. അണ്‍ലെഡഡ് പെട്രോള്‍ വില 123.43 പെന്‍സില്‍ നിന്ന് 129.41 പെന്‍സ് ആയാണ് ഉയര്‍ന്നത്. ഇതോടെ 55 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള സാധാരണ കാറില്‍ പെട്രോള്‍ നിറക്കണമെങ്കില്‍ 71.18 പൗണ്ട് നല്‍കേണ്ടി വരും. ഒരു മാസത്തിനിടയില്‍ ഈയിനത്തിലുണ്ടായ വര്‍ദ്ധന 3.29 പൗണ്ടാണെന്ന് ആര്‍എസി ഫ്യൂവല്‍ വാച്ച് ഡേറ്റ വ്യക്തമാക്കുന്നു.
ഡീസലിനുണ്ടായ ശരാശരി വര്‍ദ്ധന 6.12 പെന്‍സാണ്. 126.27 പെന്‍സില്‍ നിന്ന് 132.39 പെന്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2000നു ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ വലിയ വിലക്കയറ്റമാണ് ഇത്. മെയ് മാസത്തില്‍ ഒരു ഫാമിലി കാര്‍ പൂര്‍ണ്ണമായും നിറക്കണമെങ്കില്‍ 72.81 പൗണ്ടാണ് ഉപഭോക്താവിന് നല്‍കേണ്ടി വന്നത്. ഏപ്രില്‍ 2ന് ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതെന്നും ആര്‍എസി വ്യക്തമാക്കുന്നു.
വാഹന ഉടമകള്‍ക്ക് നരകതുല്യമായ മാസമായിരുന്നു മെയ് എന്നാണ് ആര്‍എസി വക്താവ് പറഞ്ഞത്. പൗണ്ട് മൂല്യം കുറഞ്ഞതിനൊപ്പം ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്തത് വാഹന ഉടമകളെ കഷ്ടത്തിലാക്കിയെന്നും ആര്‍എസി ഡേറ്റ വ്യക്തമാക്കുന്നു.
Leave a Reply