പ്രവാസി മലയാളികളുടെ എക്കാലത്തെയും ആശങ്കയാണ് അവിചാരിതമായി അന്യനാട്ടില്‍ വച്ച് സംഭവിക്കുന്ന മരണവും തുടര്‍ന്നുണ്ടാകുന്ന വിഷമതകളും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്ന് മരണമടയുന്ന ആളുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നതാണ്. ഈ ആശങ്കയ്ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍ അതിന് കാരണമായത് ഇംഗ്ലണ്ടില്‍ നിന്നുള്ള ലോക കേരള സഭ അംമായ രാജേഷ് കൃഷ്ണയുടെ നിരന്തര ഇടപെടല്‍ ആണെന്നത് യുകെയിലെ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന കാര്യമാണ്. KSFE തുടങ്ങുന്ന പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. പ്രവാസികള്‍ക്കായി ചിട്ടി എന്ന ആശയം ഒരുവര്‍ഷം മുന്‍പ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചപ്പോള്‍ത്തന്നെ ഇത് സംബന്ധിച്ച നിര്‍ദേശം രാജേഷ് അപേക്ഷയായി സമര്‍പ്പിച്ചിരുന്നു. പ്രഥമ ലോക കേരള സഭയില്‍ രാജേഷ് മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇതായിരുന്നു. ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് ഈ വിഷയത്തിലെടുത്ത പ്രത്യേക താല്പര്യവും അതിന് മുഖ്യമന്ത്രി നല്‍കിയ അനുമതിയുമാണ്, ചിട്ടിയുടെ തുടക്കത്തില്‍ തന്നെ ഇത് പദ്ധതിയോട് ചേര്‍ക്കാന്‍ സഹായകരമായത്.
UK യിലെയും യൂറോപ്പിലെയും ആകസ്മിക മരണങ്ങളും അതുകഴിഞ്ഞു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ ഘട്ടത്തിലെല്ലാം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കൈത്താങ്ങായിരുന്നത് അതാതു പ്രദേശത്തെ സാമൂഹിക സംഘടനകള്‍ ആയിരുന്നു. ആ സംഘടനകള്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു.
പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം ജൂണ്‍ 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുവശത്ത് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാര്‍ഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതല്‍മുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തുന്നത്. കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (KSFE) യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. കിഫ്ബിയുടെയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) നോര്‍ക്കയുടെയും സഹകരണവും പദ്ധതിക്കുണ്ട്.
വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്കായിട്ടുള്ള പ്രവാസി ചിട്ടിക്ക് തുടക്കം യുഎഇയിലായിരിക്കും. പിന്നീട് മറ്റു ജിസിസി രാജ്യങ്ങള്‍, ക്ക് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിങ്ങനെ മുഴുവന്‍ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചിട്ടികള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ പ്രവാസി ചിട്ടിക്കുണ്ട് . പ്രവാസി ചിട്ടിക്ക് എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമാകും. ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കിവരുന്ന തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കും. ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യും.
സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും. പ്രവാസികള്‍ പവര്‍ ഓഫ് അറ്റോര്‍ണി വഴി ചുമതലപ്പെടുത്തിയാല്‍ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവര്‍ക്കും കുറിയില്‍ ചേരാം. അവര്‍ക്ക് ലേലം വിളിക്കാനും തടസ്സമില്ല.
ചിട്ടിയില്‍ ചേരുന്നവരുടെ സെക്യൂരിറ്റി , ഫിക്‌സെഡ് ഡിപ്പോസിറ്റുകള്‍, ഫോര്‍മാന്‍ കമീഷന്‍, ഫ്രീ ഫ്‌ലോട്ട് തുടങ്ങിയ തുകകള്‍ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കും. ഈ തുക സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികള്‍ക്കായി മുതല്‍മുടക്കും. ഇവയില്‍ ഫോര്‍മാന്‍ കമീഷന്‍ ഒഴികെ ബാക്കിയെല്ലാം വട്ടമെത്തുമ്പോഴേക്കെങ്കിലും തിരിച്ചുകൊടുക്കേണ്ടവയാണ്. പക്ഷേ, അപ്പോഴേക്കും പുതിയ കുറികളുടെ വിഹിതം നിക്ഷേപത്തിനായി ലഭിക്കും .
ചിട്ടിനടത്തിപ്പ് പൂര്‍ണമായും ഓണ്‍ലൈനാണ്. ചിട്ടി രജിസ്‌ട്രേഷനും പണം അടയ്ക്കലും ലേലംവിളിയും പണം കൊടുക്കലുമെല്ലാം ഓണ്‍ലൈനായിരിക്കും. ഇതിനുള്ള സോഫ്റ്റ്വെയറും തയ്യാറാണെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രവാസികളുടെ കൈയിലെ പണം സംസ്ഥാനവികസനത്തിന് ഉപയോഗിക്കുന്നില്ല എന്നത് ഏറെ കാലമായി ഉയരുന്ന വിമര്‍ശമാണ്. ചില ബോണ്ടുകളിലെ നിക്ഷേപവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കുന്ന പണവും മാത്രമായി ഈ വികസനപങ്കാളിത്തം ഒതുങ്ങിനില്‍ക്കുകയായിരുന്നു.
റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (http://www.rncc.org.uk) എന്ന കുട്ടികള്‍ക്കായുള്ള കാന്‍സര്‍ ചാരിറ്റിയുടെ ധനശേഖരണാര്‍ദ്ധം ലണ്ടന്‍നില്‍ തുടങ്ങി കേരളം വരെ നീളുന്ന റോഡ് ട്രിപ്പിന്റെ തയ്യാറെടുപ്പിലാണ് രാജേഷ് കൃഷ്ണ. ജൂണ്‍ 30നാണ് യാത്രയുടെ ഫ്‌ലാഗ് ഓഫ്. ലണ്ടനില്‍ സോളിസിറ്ററായ സന്ദീപ് പണിക്കരും യാത്രയില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ https://london2kerala.com/ എന്ന വെബ്‌സൈറ്റിലും https://www.facebook.com/london2kerala/ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Leave a Reply