അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഒരാൾക്ക് ഇതിനോടകം വൈറസ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ലക്ഷക്കണക്കിന് ആന്റിബോഡി പരിശോധനകൾ വാങ്ങാനാണ് യുകെ സർക്കാർ പദ്ധതിയിടുന്നത്. ഇത് കൊറോണ വൈറസ് വ്യാപിക്കുന്നതിനെ വലിയ തോതിൽ തടയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇതിനോടകം ഈ വിഷയത്തെപ്പറ്റി പല ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യശരീരം അണുബാധയ്ക്കെതിരെ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കും, അതിനാൽ രക്തത്തിലെ ആന്റിബോഡികളുടെ എണ്ണം കണക്കിലെടുത്ത് ഒരാൾക്ക് അണുബാധ ഉണ്ടോ എന്ന് ഡോക്ടർമാർക്ക് കണ്ടെത്താനാകും. കോവിഡ് – 19 എത്രപേർക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയാൽ ഇനി എത്ര പേരിൽ ബാധിക്കുമെന്നും വ്യാപനത്തിന്റെ തോത് എത്ര മാത്രമായിരിക്കുമെന്നും കണക്കാക്കാൻ ഇത് സഹായിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു. ഇതോടെ കൊറോണ വൈറസ് ഉണ്ട് എന്ന് സംശയിക്കുന്നവരുടെ പരിശോധനയും വൻതോതിൽ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദിവസേനയുള്ള പരിശോധനകൾ ഒരു ദിവസം 5000 എന്നുള്ളത് 10000വും 25000 ആയി ഉയരുമെന്നും പിന്നീട് അത് 250000 ആക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പതിവു പോലുള്ള തന്റെ കൊറോണ വൈറസ് ബ്രീഫിംഗിൽ പുതിയ പരിശോധനകളെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. ആന്റിബോഡി ടെസ്റ്റുകൾ എല്ലാം തന്നെ പ്രഗ്നൻസി ടെസ്റ്റുകൾ പോലെ ലളിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ യുകെയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 3269 ആയി ഉയർന്നു. 144 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്.
64, 621 പേരെ വൈറസ് ബാധ ടെസ്റ്റുകൾക്ക് വിധേയമാക്കിയിരുന്നു എന്നും ഇതിൽ 61, 352 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ ആന്റിബോഡി ടെസ്റ്റുകൾ അണുബാധ പകരുന്നതിനെതിരെ വലിയൊരു പങ്കു വഹിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.

എന്നാൽ നിലവിൽ വിപണിയിലുള്ളവ എത്രമാത്രം വിജയകരമാണെന്ന് പരീക്ഷിക്കേണ്ടതുണ്ടെന്നും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ്‌ വിറ്റി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാമെന്നും വൈകാതെ തന്നെ ഈ ആന്റിബോഡി ടെസ്റ്റുകളുടെ സഹായത്തോടെ രാജ്യത്തുനിന്ന് തന്നെ വൈറസ് ബാധ തുടച്ചുമാറ്റാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.