ലണ്ടൻ: കുടിയേറ്റനയത്തിൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന മാറ്റം ഇന്ത്യൻ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാകുന്നു. ഐടി വ്യവസായത്തിനു ഗുണകരമാകുന്ന തരത്തിലാണ് പുതിയ ചട്ടങ്ങളെങ്കിലും വിദ്യാർഥി വിസയ്ക്കുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരിക്കുകയാണ്.
ബ്രിട്ടനിലെ സർവകലാശാലകളിൽ പഠിക്കുന്നതിനുള്ള ടയർ 4 വിസ വിഭാഗത്തിൽ ചൈന ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചെങ്കിലും ഇതിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. തായ്ലന്റ്, മെക്സിക്കോ എന്നീ രാജ്യങ്ങളും പുതുതായി ഇളവ് അനുവദിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയെപ്പോലെ കോമൺവെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ടവയല്ല ഇവ രണ്ടും.
അടുത്തമാസം ആറുമുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഹോം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിദ്യാഭ്യാസയോഗ്യത, സാന്പത്തികനിലവാരം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയിൽ കൂടുതൽ ഇളവ് നൽകുന്ന തരത്തിലാണ് പുതിയ ചട്ടം. ഇതുവഴി കൂടുതൽ വിദേശവിദ്യാർഥികളെ യുകെയിലെ സർവകലാശാലയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ സാങ്കേതിക വിദഗ്ധർക്കും അധ്യാപകർക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.
Leave a Reply