ഫെബ്രുവരിയിൽ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയെന്ന് കേന്ദ്ര സർക്കാർ അവകാശപെടുമ്പോഴും ഇതേ പാസ്പോർട്ട് ഉപയോഗിച്ച് കുറഞ്ഞത് നാലു തവണ നിരവ് മോദി രാജ്യാന്തര യാത്രകൾ നടത്തിയതായി ലണ്ടനിലെ സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. മാർച്ച് 15നു ലണ്ടനിൽ നിന്ന് ഹോങ്കോങ്ങിലേക്കും മാർച്ച് 28നു ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്തതായി ഹീത്രു എയർ പോർട്ടിലെ യാത്ര രേഖകൾ ഉദ്ധരിച്ചാണ് പത്രം വാർത്ത നല്കിയിരിക്കുന്നത്. ലണ്ടനിലെത്തി മൂന്ന് ദിവസം കഴിഞ് ഇതേ പാസ്‌പോർട്ടിൽ പാരിസിലേക്കും യാത്ര ചെയ്തിട്ടുണ്ട്.
യൂറോസ്റ്റാർ റെയിൽ പാസ് ഉപയോഗിച്ച് ലണ്ടനിൽ നിന്ന് ബ്രസ്സൽസിലേക്കും യാത്ര നടത്തിയിട്ടുണ്ട്. യാത്ര രേഖകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് നല്കിയിരിക്കുന്നത്. നിരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് പത്രം വാർത്ത നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല എന്ന് മോദി സർക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലണ്ടനിൽ നിരവ് താമസിക്കുന്ന ഫ്ലാറ്റിന്റെ പൂർണ്ണ വിവരങ്ങളും പത്രം നൽകിയിട്ടുണ്ട്. ലണ്ടനിലെ മെയ് ഫ്‌ളവർ ഏരിയയിൽ ‘നിരവ് മോദി’ ജൂവലറിക്ക് മുകളിലുള്ള ഫ്ലാറ്റിലാണ് അദ്ദേഹം കുടുംബ സമേതം താമസിക്കുന്നത്. തിരക്കേറിയ ഓൾഡ് ബോണ്ട്
സ്ട്രീറ്റിലാണ് ഈ ജൂവലറിയും ഫ്ലാറ്റും സ്ഥിതി ചെയ്യുന്നത്. ജൂവലറി സമീപകാലത്ത് അടച്ചു പൂട്ടിയിരുന്നു.
നിരവ് മോദിക്കായി ലോകമെമ്പാടും വല വിരിച്ചിരിക്കുകയാണെന്നാണ് സി ബി ഐ യും മറ്റ് അന്വേഷണ ഏജൻസികളും പറയുന്നത്. ഇതിനിടയിലാണ് താമസ സ്ഥലം കൃത്യമായി സൺഡേ ടൈംസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് ഒരു സുരക്ഷിത താവളമാണ് ലണ്ടൻ എന്നും അതുകൊണ്ടാണ് മോദി അവിടെ തങ്ങുന്നതെന്നും ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറയുന്നു. നേരത്തെ 9000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്.
ഫെബ്രുവരി 23നു നിരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയെന്നും ഈ വിവരം ഇന്റർപോളിനെ അറിയിച്ചു എന്നുമാണ് മോദി സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതേ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് മോദി വിദേശ യാത്രകൾ നടത്തുന്നത് എന്നത് ഈ വാദങ്ങളെ പൂർണ്ണമായി പൊളിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 20,000 കോടി രൂപയാണ് നിരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയത്. ഇവരെ പിടികൂടുമെന്നും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും നരേന്ദ്ര മോദിയും കൂട്ടരും വീമ്പിളക്കുമ്പോൾ തട്ടിപ്പുകാർ ലണ്ടനിൽ സസുഖം വാഴുകയാണ്.
Leave a Reply