ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന കൊടും ഭീകരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്‌ഫോടന പരമ്പരയുള്‍പ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇന്ത്യന്‍ മൂജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയുടെ സഹസ്ഥാപകനും കൂടിയാണ് ഇയാള്‍.

2008 ജൂലൈയിലും സെപ്റ്റംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയ്ക്ക് വേണ്ടി ബോംബ് നിര്‍മ്മിച്ചു നല്‍കുന്നവരില്‍ പ്രധാനിയാണ് ഖുറേഷി. 2007നും 2008നും ഇടയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളില്‍ ഒന്നാമതാണ്.

നേരത്തെ ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിമിയുമായി അടുത്ത ബന്ധമുള്ള ഖുറേഷി കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗമണ്ണില്‍ നടന്ന സിമിയുടെ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം.