എ 47ല്‍ ലോറിയില്‍ ബസിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് കാലത്ത് ഏഴരയോടെയാണ് അപകടം നടന്നത്. പീറ്റര്‍ബോറോയില്‍ നിന്നും വിസ്ബെക്കിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസാണ് അപകടത്തില്‍ പെട്ടത്. റോഡിന് സമീപത്തുള്ള വെയര്‍ ഹൗസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ലോറിയില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ബസ് യാത്രക്കാരാണ് മരിച്ചവരും പരിക്ക് പറ്റിയവരും. മരിച്ചവരില്‍ ഒരാള്‍ നോര്‍ത്താംപ്ടന്‍ സ്വദേശിയും അപരന്‍ നോര്‍വിച്ച് സ്വദേശിയുമാണ്. ഇവരെ കൂടാതെ ഇരുപത് പേരെ പീറ്റര്‍ബോറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കുകളും പതിനൊന്ന് പേര്‍ക്ക് നിസ്സാര പരിക്കുകളും ആണുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടം നടന്ന സ്ഥലത്ത് കാലത്ത് ചെറിയ തോതില്‍ മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായും ഇതാവാം അപകട കാരണമായതെന്നുമാണ് അപകടം നേരില്‍ കണ്ടവര്‍ പറയുന്നത്. അപകടം നടന്ന ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചത് വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.