എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണമെടുക്കാന്‍ കഴിയുന്ന കാലം യുകെയിലും അവസാനിക്കുന്നു. നാളെ നടപ്പാകുന്ന പുതിയ ക്യാഷ് പോയിന്റ് നിയമങ്ങള്‍ പല എടിഎമ്മുകളില്‍ നിന്നും സൗജന്യമായി പണമെടുക്കുന്നത് നിയന്ത്രിക്കുന്നു. പ്രതിമാസം 300 എടിഎമ്മുകള്‍ വീതം അടച്ചുപൂട്ടുന്നുണ്ടെന്നാണ് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗായ വിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തന നിരതമാക്കാനായി വരുത്തുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതമാക്കുകയാണ്. അതായത് ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണമെടുക്കണമെങ്കില്‍ അതിനുള്ള സര്‍വീസ് ചാര്‍ജ് കൂടി ഉപഭോക്താവ് നല്‍കേണ്ടി വരും.

ഗ്രാമീണ മേഖലകളിലെ ക്യാഷ് പോയിന്റുകള്‍ സംരക്ഷിക്കാനും ഈ രീതി അനുവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്ന് നേരത്തേ നിര്‍ദേശിക്കപ്പെട്ടിരുന്നു. യുകെയിലെ എടിഎമ്മുകളുടെ ഷെയേര്‍ഡ് നെറ്റ്‌വര്‍ക്കായ ലിങ്ക് ക്യാഷ് പോയിന്റുകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫീസുകള്‍ ശേഖരിക്കും. എന്നാല്‍ ഈ വിധത്തില്‍ പണമീടാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 1500 മെഷീനുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

2015ല്‍ പ്രതിമാസം 50 മെഷീനുകള്‍ മാത്രമായിരുന്നു ഈ വിധത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നത്. ഗ്രാമീണ മേഖലയിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ ദൃശ്യമായത്. ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിലും വര്‍ദ്ധനയുണ്ടാകുന്നതിനാല്‍ റൂറല്‍ കമ്യൂണിറ്റികള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിച്ച് വിലയിരുത്തുന്നു.