ആലപ്പുഴ: ഒരു ഗൗരിയമ്മ, ഒരേയൊരു ഗൗരിയമ്മ. മറ്റാരുണ്ട് ഐക്യകേരളത്തിന് മുൻപും പിൻപും ഇതുപോലെ നട്ടെല്ല് വളയ്‌ക്കാതെ നിവർന്ന് ജനങ്ങൾക്കൊപ്പം നിന്ന മറ്റൊരാൾ? മറ്റൊരു സ്ത്രീ? മറ്റൊരു അമ്മ? കേരളത്തിന്റെ സാമൂഹിക പുരോഗതിക്കൊപ്പം നടന്ന് വളർന്ന്, അതിനൊപ്പം തന്റെ പേര് കൂടി എഴുതിച്ചേർത്ത കെ.ആർ.ഗൗരിയമ്മ നൂറ് വയസിലേക്ക് കടന്നിരിക്കുന്നു.

ഇതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ആലപ്പുഴയിൽ തുടക്കം കുറിച്ചു. നൂറാം പിറന്നാൾ ആഘോഷങ്ങൾക്ക് ആലപ്പുഴ റെയ‌്ബാൻ ഓഡിറ്റോറിയത്തിലാണ‌് തുടക്കം കുറിച്ചത്. ഗൗരിയമ്മ കേക്ക‌് മുറിച്ചാണ് പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്‌തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ജെഎസ്എസ് പ്രവർത്തകരും എല്ലാ മേഖലകളിലും നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

1919 ജൂലൈ 14ന‌ാണ‌് ജനിച്ചതെങ്കിലും നാളനുസരിച്ച‌് മിഥുനത്തിലെ തിരുവോണത്തിലാണ‌് പിറന്നാൾ ആഘോഷിക്കുന്നത‌്. അന്ന് കേരളം ഇന്നത്തെ നിലയിൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചിട്ടില്ല. ജാതീയമായ അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന കാലത്ത്, ഇതൊന്നും ശരിയല്ലെന്ന് തിരിച്ചറിയുകയും ശരിയാക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്‌ത ധീരവനിതയാണ് അവർ.

ഐക്യകേരളം ജനിക്കുന്നതിന് മുൻപ്, നാട്ടിലെ പട്ടിണിയെക്കുറിച്ച്, സർക്കാരിനെ വിമർശിച്ച് സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളോട് സംസാരിച്ചതിനാണ് അവർ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. ചേർത്തല പൊലീസ് സ്റ്റേഷനിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ആറ് മാസത്തെ സാധാരണ തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ.

ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത വ്യക്തിയാണ്. 1957, 1967, 1980, 1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ.ഗൗരിയമ്മ അംഗമായിരുന്നു. 1957 ൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി.വി.തോമസിനെ ഇവർ വിവാഹം കഴിക്കുന്നത്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോൾ കെ.ആർ.ഗൗരിയമ്മ സിപിഎമ്മിൽ ചേർന്നു. എന്നാൽ ടി.വി.തോമസ് സിപിഐയിൽ തന്നെ തുടർന്നു. ഇവരുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഏറെ ആരോപണങ്ങൾ ഈ കാലത്ത് ഉയർന്നുവന്നു. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകളെ തുടർന്ന് 1965 ൽ ഇവർ വിവാഹബന്ധം വേർപെടുത്തി.

 

പിൽക്കാലത്ത് 1994 ലാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ.ആർ.ഗൗരിയമ്മയെ പുറത്താക്കുന്നത്. അന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ തന്റെ നിലപാട് ഉറപ്പിക്കുകയും ചെയ്‌തു അവർ. അസാമാന്യ ധീരതയും കാർക്കശ്യവും ഉറച്ച തീരുമാനങ്ങളും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആർ.ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു. പക്ഷെ വാർദ്ധക്യത്തിന്റെ അവശതകൾ ഗൗരിയമ്മയെ ബാധിച്ചതോടെ ജെഎസ്എസും ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.

നൂറാം പിറന്നാൾ ആഘോഷിക്കുന്ന കെ.ആർ.ഗൗരിയമ്മയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി.പി.രാമകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി സാമൂഹിക-സാംസ്‌കാരിക മേഖലയിലുളളവർ ആശംസ അറിയിച്ചു

പിറന്നാൾ ആഘോഷിക്കുന്ന കെ.ആർ.ഗൗരിയമ്മയ്‌ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നത്. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് സഖാവ് ഗൗരിയമ്മ. ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണെന്ന് പിണറായി ഫെയ്സ്‌ബുക്കിൽ കുറിച്ചു.

 

പിണറായി വിജയന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ്

നൂറാം പിറന്നാളിലേക്കെത്തുന്ന സഖാവ് കെ.ആർ.ഗൗരിയമ്മയ്‌ക്ക് ആശംസകൾ. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് സഖാവ് ഗൗരിയമ്മ. ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന 1959 ലെ കാർഷിക ബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. ജന്മിക്കരം ഒഴിവാക്കൽ നിയമം അടക്കം അനേകം സുപ്രധാന നിയമങ്ങൾ അവതരിപ്പിച്ചു പാസാക്കിയ മന്ത്രി എന്ന നിലയിലും കേരളത്തിന്റെ വളർച്ചയിൽ ഗൗരിയമ്മ നൽകിയത് അമൂല്യ സംഭാവനകളാണ്. കഷ്‌ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗത്ഭയായ നിയമസഭാ സാമാജികയും ആർജവമുള്ള ഭരണാധികാരിയുമായി ഗൗരിയമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും ആദരവോടെയും സ്‌നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളത്.

കർമ്മ നിരതമായ ആ ജീവിതം നൂറു വർഷത്തിലെത്തുമ്പോൾ ഇനിയുമേറെക്കാലം ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. പൊതു പ്രവർത്തകർക്കുണ്ടാകേണ്ട ഊർജ്ജസ്വലതയ്‌ക്കു പ്രചോദനമായി; സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നു.