സമ്മര്‍ കനത്തതോടെ ബ്രിട്ടനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഹീറ്റ് വേവ് എത്തിയതിനു പിന്നാലെ വീടുകളിലും സ്‌കൂളുകളിലും കുടിവെള്ളക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഗ്യാലന്‍ വെള്ളം ഇവിടങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് മറ്റു പ്രദേശങ്ങളില്‍ ക്ഷാമത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ആറ് പ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് വിവരം. റിസര്‍വോയറുകളിലെ ജലക്ഷാമം മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹോസ്‌പൈപ്പ് നിരോധനവും നടപ്പിലാക്കിയിട്ടുണ്ട്.
സാങ്കേതിക പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കി. ഹാംപ്ഷയറിലെ ഹാല്‍സ്‌മെയറില്‍ ജലവിതരണം വൈദ്യുതി തടസത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം നിലച്ചു. ബ്ലാക്ക്ഡൗണ്‍ റിസര്‍വോയറിലാണ് പ്രതിസന്ധിയുണ്ടായത. പ്രശ്‌നപരിഹാരത്തിനായി എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നതിനിടെ പ്രദേശത്തെ പ്രായമായവര്‍ക്ക് എമര്‍ജന്‍സി വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. പിന്നീട് പുലര്‍ച്ചെ 2 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ചത് ചെളിവെള്ളമാണെന്ന് പരാതിയുണ്ട്. ഇതേക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്നും പരാതികള്‍ ഉയരുന്നു. വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത പ്രായമായവരാണ് പരാതിയുമായി രംഗത്തെത്തിയത്.
വാട്ടര്‍ ബില്‍ ഇനത്തില്‍ കനത്ത തുകയാണ് തങ്ങള്‍ നല്‍കുന്നതെന്നും അതുകൊണ്ടു തന്നെ പ്രായമായവര്‍ക്ക് ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആന്‍ ഹാക്ക് എന്ന സ്ത്രീ പറഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാന്‍ വേണ്ട സംവിധാനങ്ങളില്ലെന്ന് മറ്റൊരു പെന്‍ഷനറും അറിയിച്ചു. ജലക്ഷാമം മൂലം ചില സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
Leave a Reply