ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ തായ്ലന്ഡില്
ഗുഹയില്‍ കുടുങ്ങിയ നാല്കുട്ടികളെ പുറത്തെത്തിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വിവരം പുറത്തുവിട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തായ് അധികൃതര്‍ പറഞ്ഞു. ഒന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ശ്രമം വിജയം കാണുന്നത്. ബാക്കിയുളളവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.
അവസാനഘട്ടത്തിലും മഴ വില്ലനായി കടന്നെത്തിയിരുന്നു. 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ പ്രദേശത്ത് കനത്ത മഴ ആരംഭിച്ചതായി റിപ്പോർട്ട് പുറത്തുവന്നത് കനത്ത ആശങ്ക ഉയര്‍ത്തി. മഴ തുടരുകയാണെങ്കിൽ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവർത്തനം തടസ്സപ്പെട്ടേക്കാം എന്നായിരുന്നു വിവരം.
കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാൻ ബഡ്ഡി ഡൈവിങ്ങ് എന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങൽ വിദഗ്ധൻ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. ഇവിടെ ഒരു കുട്ടിക്ക് രണ്ട് ഡൈവിങ്ങ് പരിശീലകനാണ് ഉണ്ടാകുക. ഓരോരുത്തരെയായി ആയിരിക്കും പുറത്തെത്തിക്കുക. ആദ്യത്തെയാളെ ഇന്ന് പുറത്തെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്
ഗുഹയിലകപ്പെട്ട കുട്ടികളെ മുഴുവൻ നീന്തൽ പഠിപ്പിച്ച് പുറത്തെത്തിക്കുക എന്നത് പ്രായോഗികമല്ലാത്തതു കൊണ്ടാണ് ഈ മാർഗം പരീക്ഷിക്കുന്നത്. രക്ഷാപ്രവർത്തക സംഘത്തിലെ ഒരംഗം തന്നെയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. ഇടുങ്ങിയ, ദുർഘടമായ വഴിയിലൂടെ മൂന്നിലധികം കിലോമീറ്റർ സഞ്ചരിച്ചാലാണ് പുറത്തെത്താനാകുക.
മഴ കനക്കാനുള്ള സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് വെള്ളം വറ്റിച്ച് പുറത്തെത്തിക്കുക എന്ന മാർഗ്ഗം സ്വീകരിക്കാത്തത്. 15 ദിവസമായി ഇവർ ഗുഹയിക്കുള്ളിലാണ്. കുട്ടികൾക്കും കോച്ചിനുമുള്ള ഭക്ഷണസാധനങ്ങളുമായാണ് രക്ഷാപ്രവർത്തകസംഘം എത്തിയത്.
എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്നും ഉടന്‍പുറത്തെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കുട്ടികളും കോച്ചും മാതാപിതാക്കൾക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു. പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ലോകം. തങ്ങളുടെ കുട്ടികൾ ഉടൻ പുറത്തെത്തുമെന്ന പ്രതീക്ഷയിൽ ആശ്വാസം കണ്ടെത്തുകയാണ് കുടുംബാംഗങ്ങളും.
Leave a Reply