എയിംസ്ബറിയില്‍ വെച്ച് നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ രണ്ടു പേരിലെ സത്രീ മരിച്ചു. റഷ്യന്‍ നിര്‍മിത നെര്‍വ് ഏജന്റായ നോവിചോക്ക് വിഷബാധയാണ് ഇവര്‍ക്ക് ഏറ്റത്. ഡോണ്‍ സറ്റര്‍ഗസ് എന്ന 44 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പം വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാര്‍ലി റൗളി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരണത്തെത്തുടര്‍ന്ന് സ്കോട്ട്ലന്‍ഡ് യാര്‍ഡ് കൊലക്കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്ക്രിപല്‍, മകള്‍ യൂലിയ എന്നിവര്‍ക്കു നേരെ സാലിസ്ബറിയില്‍ വെച്ചുണ്ടായതിനു സമാനമായ ആക്രമണമാണ് ഇവര്‍ക്കു നേരെയും ഉണ്ടായത്. ജൂണ്‍ 30നാണ് ഇവരെ വിഷബാധയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്ക്രിപലിന് നേരെ പ്രയോഗിക്കാന്‍ എത്തിച്ച രാസായുധത്തില്‍ ബാക്കി വന്ന വസ്തുവില്‍ നിന്നായിരിക്കാം ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യ ആക്രമണത്തില്‍ ബ്രിട്ടന് റഷ്യയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.
സ്റ്റര്‍ഗസിന്റെ മരണത്തില്‍ നടുക്കവും ഭയവും രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്. പോലീസും സുരക്ഷാ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇനി കൊലപാതകത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Leave a Reply