റഷ്യയില്‍ നിന്നും യുകെയില്‍ അഭയം തേടിയ വ്യക്തികളുടെ ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പുമായി പോലീസ്. റഷ്യന്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായ കോടീശ്വരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുകെയില്‍ സ്ഥിര താമസക്കാരായ റഷ്യന്‍ വംശജര്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നേരിട്ട് നല്‍കി. മാര്‍ച്ച് 12നാണ് റഷ്യന്‍ കോടീശ്വരന്‍ നിക്കോളായി ഗ്ലുഷ്‌ക്കോവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. 2010ത്തിന് ശേഷം യുകെയില്‍ രാഷട്രീയ അഭയം തേടിയ വ്യക്തിയാണ് ഗ്ലുഷ്‌ക്കോവ്. രാജ്യത്ത് അഭയം നല്‍കിയിട്ടുള്ള മറ്റു റഷ്യന്‍ പൗരന്മാരുടെ ജീവനും ഭീഷണിയുള്ളതായി പോലീസ് വ്യക്തമാക്കുന്നു.

റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ട സംഭവുമായി ഗ്ലുഷ്‌ക്കോവിന്റെ മരണത്തിന് ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഗ്ലുഷ്‌ക്കോവിന്റെ ദുരൂഹ മരണത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റഷ്യയുടെ സ്‌റ്റേറ്റ് എയര്‍ലൈന്‍ എയറോഫ്‌ളോട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഗ്ലുഷ്‌ക്കോവ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. കള്ളപ്പണമിടപാട് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് 1999 മുതല്‍ 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 2006ല്‍ വീണ്ടും കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. ഇദ്ദേഹം റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. ഗ്ലുഷ്‌ക്കോവിന്റെ താമസ സ്ഥലത്തിനടുത്തായി മാര്‍ച്ച് 11,12 തിയതികളില്‍ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

  ബ്രിട്ടനിൽ വിനോദയാത്രാ മേഖലയ്ക്ക് വൻ ഉണർവ്. യാത്രാ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചതിന് പിന്നാലെ അവധിക്കാല ബുക്കിങ്ങിൽ വൻ കുതിച്ചു കയറ്റം

അതേ സമയം റഷ്യന്‍ ഡബിള്‍ ഏജന്റ് ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് റഷ്യയും ബ്രിട്ടനും തമ്മില്‍ ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ സ്‌ക്രിപാലിന്റെയും മകള്‍ യൂലിയയുടെയും ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലിനേയും മകളെയും ആക്രമിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യ തന്നെയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് നെര്‍വ് ഏജന്റ് ആക്രമണം നടത്താന്‍ ഉത്തരവിട്ടതെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ സംഭവത്തിന് ശേഷം ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.