ഫെയിസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വമ്പന്മാര് ചെറുപ്പക്കാരെ നിഗൂഢ കരവലയത്തില്‍ ഒതുക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. ഇത്തരം കമ്പനികള്‍ കുറച്ച് ഉത്തരവാദിത്തം പുലര്‍ത്തണമെന്നും സ്റ്റീവന്‍സ് പറഞ്ഞു. ടെലഗ്രാഫിന്റെ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന ക്യാംപെയിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ അടിമത്വത്തിനെതിരെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനെ സജ്ജമാക്കുമെന്ന് കഴിഞ്ഞ മാസം സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ അടിമകളാക്കുന്ന അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ കമ്പനികള്‍ കാട്ടണമെന്നാണ് സ്റ്റീവന്‍സ് ആവശ്യപ്പെടുന്നത്.
കൗമാരക്കാരിലും ചെറുപ്പക്കാരിലും അടിമത്വവും അവരില്‍ സ്വാധീനവുമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഏറെയാണ്. ഇത് മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കുറച്ചുകൂടി ഇത്തരവാദിത്തബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കുരുക്കുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിവുള്ളവരും ആശങ്കാകുലരുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരം മാനസിക പ്രശ്നങ്ങളില്‍ സഹായം നല്കാന് എന്‍എച്ച്എസ് സജ്ജമാകുകയാണ്. ഇക്കാര്യത്തില്‍ ഇനി സമൂഹമാണ് മുന്നോട്ടു പോകേണ്ടത്. പ്രതിരോധവും അതിനൊപ്പമുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതും സോഷ്യല്‍ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Leave a Reply