പണം നല്‍കി ഉപയോഗിക്കാവുന്ന വേര്‍ഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പരസ്യങ്ങളും രാഷ്ട്രീയ സന്ദേശങ്ങളും പ്രത്യക്ഷപ്പെടുന്ന സംഭവത്തില്‍ അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ഈ രീതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിമാസം പണം നല്‍കി ഉപയോഗിക്കാനാകുന്ന പതിപ്പില്‍ പരസ്യങ്ങളുണ്ടാകില്ല.

നിലവില്‍ 1.5 ബില്യന്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഉള്ളത്. സ്‌പോട്ടിഫൈ പോലെയുള്ള മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകളില്‍ പരസ്യമൊഴിവാക്കാന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനും ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. ആഡ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിനായി ഫേസ്ബുക്ക് മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തി വരികയാെേണന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റ ദുരുപയോഗ വിവാദത്തിനു ശേഷം അമേരിക്കന്‍ സെനറ്റ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്തിയിരുന്നു. സൗജന്യ ഫേസ്ബുക്ക് സേവനം എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്നും ലോകത്തെ ഒരുമിപ്പിക്കുക എന്നത് തങ്ങളുടെ ദൗത്യമാണെന്നും പറഞ്ഞ സുക്കര്‍ബര്‍ഗ് അതിനായി എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധത്തിലുള്ള ഒരു സര്‍വീസ് നല്‍കുകയെന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.