വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മോഡലിനെ തോക്കിന് മുനയില്‍ ബന്ധനസ്ഥയാക്കിയ 30 കാരനെ ഒടുവില്‍ പൊലീസ് അനുനയിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. കാമുകനെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശുകാരനായ രോഹിതാണ് യുവതി വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറയാതെ പുറത്തുവിടില്ലെന്ന് ഭീഷണി മുഴുക്കിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7.15ഓടെ യുവതിയുമായി രോഹിത്ത് ഫ്ളാറ്റിന് പുറത്തേക്ക് എത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച യുവതിയുടെ ഫ്ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെട്ടിരുന്നത്. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്ന നിലപാടായിരുന്നു രോഹിത് സ്വീകരിച്ചത്. ആദ്യം യുവതിയെ രക്ഷപെടുത്താന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും രോഹിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അകത്തുകടക്കാനായില്ല.
മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫ്ളാറ്റിലെത്തുകയും അകത്തുകടന്ന് കുറ്റിയിടുകയുമായിരുന്നു.
12 മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ മുറിക്കുളളില്‍ തോക്കിന് മുനയില്‍ നിര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ചു.
യുവാവിനെ അനുനയിപ്പിച്ച് യുവതിയെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ സ്വതന്ത്രയാക്കണമെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രോഹിത്തിന്റെ സുഹൃത്തുക്കളും സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
രോഹിത്ത് ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ളവും സിഗററ്റും ഭക്ഷണവും എത്തിച്ചുകൊടുത്തു. യുവതിയുടെ ബെഡ് റൂമിന്റെ ജനാലയിലൂടെ ബക്കറ്റിലാക്കിയാണ് ഭക്ഷണ പദാർത്ഥം നൽകിയത്. ഇതിൽ നിന്ന് പാക്കറ്റിലുള്ള ഭക്ഷണം മാത്രമാണ് യുവാവ് ഭക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് സ്ഥിതിഗതികൾ വിലയിരുത്തി. രോഹിത്ത് ഫെബ്രുവരിയിലും സമാനമായ ശ്രമം നടത്തിയിരുന്നതായി യുവതിയുടെ മാതാവ് പറയുന്നു.
Leave a Reply