മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു.   സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.


കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം,  ജെ.സി.ബി  ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.   ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.