സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും തുടരുന്നു. കരുവാരക്കുണ്ട് മണലിയാപാടം മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഒലിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഓന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു.
ഉരുള്‍പൊട്ടല്‍ വന്‍ നാശംവിതച്ച വയനാട് പൊഴുതന അമ്മാറയില്‍ വീണ്ടും മണ്ണിടിച്ചില്‍. നേരത്തെ ഇവിടെ ഏഴു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. മേഖല പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും.
സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ ഏഴ് അടിയായി ഉയര്‍ത്തും. തൃശൂര്‍ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. കണ്ണൂര്‍ പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കേളകം ഭാഗത്ത് റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണ്. കനത്ത കാറ്റിലും മഴയിലും മണ്ണുത്തി വെറ്ററിനറി കോളജ് വളപ്പില്‍ മരംവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും, ഉരുൾ പൊട്ടലും. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിൽ കൊട്ടിയൂർ , കേളകം തുടങ്ങിയ മലയോര മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി. പുലർച്ചെ മുതലാണ് ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തമായത്. പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി.
ഗതാഗതം തടസപ്പെട്ടതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. പക്ഷേ മഴ ശക്തമായതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തമായി.
കൊട്ടിയൂർ – ചപ്പമലയിൽ ഉരുൾപൊട്ടി. ആളപായമില്ല. കേളകം ശാന്തിഗിരിയിൽ മലമുകളിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. വനത്തിനുള്ളിൽ മഴ കനത്തതോടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
ഇതോടെ ഇരിട്ടി കൊട്ടിയൂർ സംസ്ഥാന പാത വെള്ളത്തിനടിയിലായി. മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും വൈദ്യുതി തൂണുകൾ നിലംപൊത്തിയതോടെ മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും, പൊലീസ്, റവന്യൂ, അഗ്നിശമന സേന വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്.
Leave a Reply