ന്യൂസ് ഡെസ്ക്
കേരള ജനത പ്രളയത്തിൽ ഉഴലുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ യുകെയിലെ മലയാളികൾ കൈകോർക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികൾ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ച തുക കേരളത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി നല്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓൺലൈൻ സംവിധാനം കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് വെബ്സൈറ്റ് ലിങ്ക് വഴി പണം നല്കാവുന്നതാണ്. ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും സംഭാവന നല്കാം. ഇതിനായി തന്നിരിക്കുന്ന അഡ്രസിൽ അയച്ചാൽ മതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നല്കുന്നതു വഴി നല്കുന്ന തുക അർഹരായവർക്ക് ലഭിക്കുകയും അനാവശ്യമായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പാകുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Please click this link to donate to Chief Minister’s Distress Relief Fund
8000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുനൂറിലേറെ ജീവനുകൾ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ നശിച്ചു. ദുരിതക്കയത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരങ്ങളാണ്. യുകെയിൽ നിന്ന് സമ്മർ അവധിയ്ക്ക് പോയ മലയാളി കുടുംബങ്ങളും ദുരിതത്തിലാണ്. യുകെയിൽ താമസിക്കുന്ന നിരവധി മലയാളികളുടെ ബന്ധുക്കളും സുഹൃത്തുക്കളും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അകലെയെങ്കിലും നാട്ടിലുള്ള ഉറ്റവരുടെ ദു:ഖത്തിൽ തേങ്ങുകയാണ് യുകെയിലെ മലയാളി സമൂഹം.
Leave a Reply