മലയാളം യുകെ എഡിറ്റോറിയൽ

കേരളത്തിലെ ജനത അനുഭവിക്കുന്ന ദുരിതം വാക്കുകള്‍ക്ക് വിവരിക്കാവുന്നതിലും അപ്പുറമാണ്. ജനതയുണ്ടെങ്കിലെ രാജ്യമുള്ളൂ. ജനങ്ങളുണ്ടെങ്കിലേ രാജ്യത്തിന്റെ അതിർത്തികൾ കാക്കേണ്ടതുള്ളു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. ദുരിതത്തിൽ ഉഴലുന്ന ജനതയെ രക്ഷിക്കാൻ ഭരണാധികാരികൾ ഉത്തരവ് നല്കിയേ തീരു. സൈന്യം ബാരക്കുകളിൽ നിന്ന് പുറത്തു വരട്ടെ. ഒരു നിമിഷവും പാഴാക്കാനില്ല. ഭാരത ജനതയുടെ വിയർപ്പിനാൽ ഒരുക്കപ്പെട്ട സർവ്വ സജ്ജമായ സൈന്യത്തിന്റെ സേവനം കേരളത്തിനാവശ്യമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റെസ്ക്യൂ മിഷനാണ് നടപ്പാക്കേണ്ടത്. നൂറു കണക്കിനാളുകൾ ദുരന്തഭൂവിൽ മരിച്ചു വീണുകഴിഞ്ഞു. കണ്ണു തുറന്നു നോക്കുക.. കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണ് സന്ദേഹം? എത്ര പേരുടെ ജീവൻ കൂടി അതിനായി കേരള ജനത നല്കണം?

കേരള ജനത കേഴുകയാണ്.. ലോകമെമ്പാടുമുള്ള മലയാളികൾ ജന്മനാടിനെയോർത്ത്  ദു:ഖിക്കുന്നു.. ഇത്ര വലിയ ദുരന്തം മലയാള മണ്ണ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്. പൂർണമായ ഐക്യത്തോടെയും ഒരുമയോടെയും ജീവനുകളെ കാത്തു സൂക്ഷിക്കുവാൻ കേരളം കരുത്തു കാണിക്കുന്നു. മഹാപ്രളയത്തെ നേരിടാൻ മനുഷ്യ ശക്തിക്ക് ഒരു പരിധിയുണ്ട്. അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭത്തിൽ കേരള ജനത പകച്ചു നിൽക്കുന്നു. മരണം 300 കഴിഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നത് ആയിരക്കണക്കിനാളുകൾ. മൂന്നു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിലാണ്. വീടുകൾ നഷ്ടപ്പെട്ടവർ നിരവധി. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. പതിനായിരം കോടിയെങ്കിലും നഷ്ടം വന്നു കഴിഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്കുന്നു. എം.പിമാരും മന്ത്രിമാരും എം എൽ എമാരും മറ്റു ജനപ്രതിനിധികളും ഗവൺമെൻറ് ഉദ്യോഗസ്ഥ സംവിധാനവും വിവിധ സംഘടനകളും പൊതുജനങ്ങളും ഒരു നിമിഷം പാഴാക്കാതെ അത്യദ്ധ്വാനം ചെയ്യുന്നു.  ഈ ഒരുമയെയും നന്മനസിനെയും അഭിനന്ദിക്കാതിരിക്കാൻ ആവില്ല. പക്ഷേ അവർക്കും നേരിടാൻ പറ്റാത്ത രീതിയിൽ മഹാപ്രളയം കേരളത്തിലെ ജനതയെ വേട്ടയാടുകയാണ്.

കേരളമൊട്ടുക്കുനിന്നും പ്രത്യേകിച്ച് പത്തനംതിട്ടയിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. തന്റെ ജനത്തിന്റെ ജീവൻ രക്ഷിക്കണേ എന്ന് കേണപേക്ഷിക്കുന്ന ഒരു ജനപ്രതിനിധിയുടെ വാക്കുകൾ നമ്മൾ ശ്രവിച്ചു. അകലങ്ങളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നൂറുകണക്കിനാളുകളുടെ രോദനം ആരു കേൾക്കും. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാത്തവർ നിരവധി ഉണ്ടാവും. വിശന്നു വലയുന്ന കുഞ്ഞുങ്ങളും ശാരീരിക അവശതകൾ ഉള്ളവരും എങ്ങനെ ജീവനെ പിടിച്ചു നിർത്തും. മരണം മുഖാമുഖം കാണുന്നത് നൂറുകണക്കിനാളുകൾ.

മഴയ്ക്ക് ശമനം വന്നെങ്കിലും വെള്ളമിറങ്ങുന്നില്ല. പാലങ്ങളും റോഡുകളും തകർന്നു. വൈദുതി വിതരണം തടസപ്പെട്ടു. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നു. അടിയന്തിര ചികിത്സയോ മരുന്നുകളോ പോലും ലഭിക്കാതെ നിരവധി പേർ. ദുരിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ബന്ധു ജനങ്ങളെ ഓർത്ത് ഹൃദയവേദനയനുഭവിക്കുന്ന പ്രവാസി മലയാളികൾ ലോകമെമ്പാടുമുണ്ട്. ഓണാഘോഷത്തിനൊരുങ്ങിയ നാടും പ്രവാസി മലയാളി ലോകവും ശോകമൂകമായി. “ഇല്ല, ഇത്തവണ ഞങ്ങൾ ഓണ സദ്യയ്ക്ക് ഇല ഇടുന്നില്ല. പൂക്കളവും തിരുവാതിരയുമില്ല. ആ പണം ഞങ്ങൾ സ്വരുക്കൂട്ടും. ജന്മനാടിന്റെ പുനർ നിർമ്മിതിക്കായി ഞങ്ങൾ നല്കും” എന്നവർ പ്രതിജ്ഞ ചെയ്തു കഴിഞ്ഞു.

മഴ മാറി വെള്ളമിറങ്ങിയാലും ദുരിതങ്ങൾ ഏറെ ബാക്കിയുണ്ടാവും. കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയ നടത്താൻ ഭഗീരഥപ്രയത്നം ആവശ്യമാണ്. അടിയന്തിരമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവണം. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സൈന്യത്തിന്റെ സഹായം കൂടിയേ തീരൂ. അടിയന്തിര രക്ഷാപ്രവർത്തനം കഴിഞ്ഞാൽ ജനങ്ങളുടെ പുനരധിവാസത്തിന് ധാരാളം പണം ആവശ്യമാണ്. അതിനാവശ്യമായ സഹായം നല്കാൻ കേന്ദ്ര ഗവൺമെന്റ് നടപടിയെടുക്കണം. പ്രവാസികളായ മലയാളികൾ ധാരാളമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കാനാരംഭിച്ചു കഴിഞ്ഞു. കേരള ജനതയുടെ ദുരിതങ്ങൾ നേരിട്ടു കാണാൻ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കായി കേരളം കാതോർത്തിരിക്കുന്നു. കേരളത്തിലെമ്പാടും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതോടൊപ്പം കേരള ജനതയുടെ ദു:ഖത്തിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു. അതേ, നമ്മുടെ ജന്മനാട് തേങ്ങുകയാണ്. ആ കണ്ണീരൊപ്പാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാൻ താഴെയുള്ള ലിങ്കിൽ ദയവായി ക്ലിക്ക് ചെയ്യുക.

Please click this link to donate to Chief Minister’s Distress Relief Fund

ബിനോയി ജോസഫ്,

അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ ന്യൂസ്