കൊച്ചി: തനിക്കുണ്ടായ അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്ന് ഹനാന്‍. അപകടം ഉണ്ടായി നിമിഷങ്ങള്‍ക്കകം ഒരാള്‍ സ്ഥലത്തെത്തിയത് സംശയം വര്‍ധിപ്പിക്കുന്നെന്നും ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു ഹനാന്റെ പ്രതികരണം. താന്‍ പേരുപോലും കേള്‍ക്കാത്ത ഫേസ്ബുക്ക് പേജ് തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നും പറഞ്ഞ് പെട്ടെന്നാണ് അവിടെ എത്തിയത്. വേദനകൊണ്ട് പുളയുന്ന എന്റെ വീഡിയോ അവര്‍ എടുത്തു. എന്റെ സമ്മതം ഇല്ലാതെ ഫേസ്ബുക്ക് ലൈവ് ഇട്ടു.
രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. എന്നിട്ടും നിമിഷ നേരം കൊണ്ട് അവര്‍ അവിടെ എത്തി. ആരാണ് ഈ സമയത്ത് ഇവരെ വിളിച്ചുവരുത്തിയതെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ലെന്നും ഹനാന്‍ പറയുന്നു. അതേസമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറഞ്ഞെന്നും ഡ്രൈവര്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയാണെന്നും ഹനാന്‍ പ്രതികരിച്ചു.
അതേസമയം അപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയതത്. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുകയുണ്ടായി.
അതേസമയം ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാന്‍ സന്തോഷിച്ചു കാരണം ഒന്നരവര്‍ഷം നീണ്ട കാത്തിരിപ്പിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അവസാനമായി എന്നതാണ്. കാറപകടത്തില്‍ പരുക്കേറ്റ ഹനാനെ കാണാന്‍ ബാപ്പ ഹമീദും അനിയനും എത്തി. ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ പോലും മകളെ കാണാന്‍ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് നിറകണ്ണുകളോടെയാണ് ഹനാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ബാപ്പയും അനിയനും എത്തിയ വിവരം ഡോക്ടര്‍ വിശ്വനാഥനാണ് സ്ഥിരീകരിച്ചത്. ഹനാന്റെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ ഇനി താന്‍ അനാഥയായിരിക്കില്ലെന്നുള്ള പ്രതീക്ഷ ഹനാന്‍ മാധ്യമങ്ങളോടു പങ്കുവച്ചു.
Leave a Reply