ഡിന്നറിനൊപ്പം ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്ന ശീലമുള്ള മധ്യവയസ്‌കര്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ ശീലം ഒഴിവാക്കണമെന്ന് നിര്‍ദേശം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡ്രിങ്ക് ഫ്രീ ഡേയ്‌സ് എന്ന പേരില്‍ ഡ്രിങ്കെവയര്‍ ഒഫീഷ്യലുകള്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ജനങ്ങളെ ആല്‍ക്കഹോളില്‍ നിന്ന് കൂടുതല്‍ ദിവസങ്ങള്‍ വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷിത മദ്യപാന മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ അളവില്‍ യുകെയിലെ മുതിര്‍ന്നവര്‍ മദ്യപിക്കുന്നുണ്ടെന്ന് യുഗോവ് പോളില്‍ കണ്ടെത്തിയിരുന്നു.
മധ്യവയസ്‌കരില്‍ അഞ്ചിലൊന്നു പേര്‍ അമിതമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. പുകവലി നിര്‍ത്തുക, വ്യായാമം ചെയ്യുക, ആഹാര നിയന്ത്രണം എന്നിവ ജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മദ്യപാന ശീലം ഒഴിവാക്കുന്നതെന്നാണ് മൂന്നില്‍ രണ്ടു പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡെയിം സാലി ഡേവിസ് മുന്നോട്ടുവെച്ച മദ്യപാന മാനദണ്ഡങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിന് തുല്യമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ അവര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.
ചെറിയ അളവില്‍ ആല്‍ക്കഹോള്‍ കഴിക്കുന്നത് ഡ്രൈവിംഗിനോളം അപകട സാധ്യതയില്ലാത്ത കാര്യമാണെന്ന് ഹെല്‍ത്ത് ചീഫുമാര്‍ സമ്മതിക്കുന്നതിനു മുമ്പായിരുന്നു ഡെയിം സാലി ഡേവിസ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ദിവസവും മദ്യപിച്ചാല്‍ കരളിനുണ്ടാകാനിടയുള്ള തകരാറുകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, നിരവധി ക്യാന്‍സറുകള്‍ എന്നിവയ്ക്ക് മദ്യപാനശീലവുമായി അടുത്ത ബന്ധമുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ വ്യക്തമാക്കി.
Leave a Reply