ലണ്ടന്‍: രോഗബാധയേറ്റതായി സംശയിക്കുന്ന സിറിഞ്ചുകള്‍ മൂലം കുത്തേറ്റ് 1,200ഓളം ജീവനക്കാര്‍ക്ക് എന്‍.എച്ച്.എസ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങള്‍ ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ വഴി വളരാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ അപകടകരമായ രോഗസാധ്യതയുള്ളവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ഉപയോഗിക്കപ്പെട്ട സിറിഞ്ചുകളും ഇതര ആശുപത്രി ഉപകരണങ്ങളും സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യണമെന്ന് രാജ്യത്തെ നിയമം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ വഴി കുത്തേല്‍ക്കുന്ന ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 2012ന് ശേഷം ഇത്തരം അപകടങ്ങളുണ്ടായത് മൂലം നഷ്ടപരിഹാരമായി 4,077,441 പൗണ്ട് എന്‍.എച്ച്.എസിന് നല്‍കേണ്ടി വന്നിട്ടുണ്ട്.

വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് ആശുപത്രി നിയമം. സൂചികള്‍ ഉള്‍പ്പെടെ അപകടങ്ങള്‍ പിണയാത്ത വിധത്തില്‍ വെയ്സ്റ്റ് ബാസ്‌ക്കറ്റുകളില്‍ ഉപയോഗത്തിന് ശേഷം സൂക്ഷിക്കണമെന്നാണ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. അതേസമയം നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ ഇക്കാര്യങ്ങളില്‍ അശ്രദ്ധ പുലര്‍ത്തുന്നതായി വ്യക്തമാണ്. 2012നും 2017നുമിടയില്‍ 1,833 കേസുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്ന ഭൂരിഭാഗം പേരും ക്ലീനിംഗ്, മെയിന്റയിനിംഗ് തുടങ്ങിയ ഡിപാര്‍ട്ടുമെന്റിലെ ജീവനക്കാരാണ്. ഇവരെ കൂടാതെ പോര്‍ട്ടര്‍മാരും നഷ്ടപരിഹാര കേസുകള്‍ നല്‍കിയിട്ടുണ്ട്.

വളരെ ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യുന്ന ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാണ്. നിര്‍ബന്ധമായും അനുസരിക്കേണ്ട നിയമങ്ങള്‍ പോലും ക്ലിനിഷ്യന്‍സ് തെറ്റിക്കുന്നത് താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്ക് മാറാരോഗങ്ങള്‍ സമ്മാനിച്ചേക്കുമെന്നും ജീവനക്കാരുടെ വക്താവ് ചൂണ്ടിക്കാണിച്ചു. സുരക്ഷിതമായ വെയ്‌സ്റ്റ് ബാസ്‌ക്കറ്റുകള്‍ (Sharp Bin) ഉപയോഗിക്കുന്ന എന്‍.എച്ച്.എസ് ട്രസ്റ്റുകളുടെ കാര്യത്തില്‍ വലിയ കുറവുണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരം സുരക്ഷിതമായി ഉപയോഗിച്ച സിറിഞ്ചുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് ഇതര ജീവനക്കാര്‍ക്ക് ഭീഷണിയുണ്ടാക്കും. ക്ലിനിംഗ് സമയങ്ങളില്‍ നിലത്ത് നിന്ന് ഉപയോഗിച്ച സൂചി കുത്തിക്കയറുന്നത് പോലുള്ള അപകടകരമായ സംഭവങ്ങള്‍ നടന്നേക്കും.