ബ്രിട്ടനിലെ ജനങ്ങളുടെ ശരാശരി ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത് നിലച്ചുവെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2015-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 82.9 വയസും പുരുഷന്‍മാരുടേത് 79.2 വയസുമാണെന്ന് ഒഎന്‍എസ് രേഖകള്‍ കാണിക്കുന്നു. 1982നു ശേഷം ആദ്യമായാണ് ഇത് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ചില മേഖലകളില്‍ ഈ നിരക്ക് കുറഞ്ഞിട്ടുമുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെയും വെയില്‍സിലെയും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയില്‍ ഒരു മാസത്തെ കുറവാണ് ഉണ്ടായത്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പുരുഷന്‍മാരില്‍ മാത്രമാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്ത്രീകളുടെയും ഇംഗ്ലണ്ടിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജീവിത ദൈര്‍ഘ്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മരണങ്ങള്‍ ഏറെയുണ്ടായതാണ് ജീവിതദൈര്‍ഘ്യ നിരക്ക് ഉയരാതിരിക്കാന്‍ കാരണമെന്നും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. വിന്ററും പനിയുമൊക്കെയാണ് മരണങ്ങള്‍ക്ക് കാരണമായത്. മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചര്‍ച്ചകള്‍ നടന്നു വരികയാണ്. ജീവിത ദൈര്‍ഘ്യ നിലവാരം ഭാവിയില്‍ എപ്രകാരമായിരിക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ ബജറ്റ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പോലും ജീവിത ദൈര്‍ഘ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്തായാലും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.