മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ ശരാശരി ആയുസ്സ് നേരത്തേ പ്രവചിച്ചതിനേക്കാള്‍ ആറു മാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദീര്‍ഘായുസ്സ് സംബന്ധിച്ചുള്ള പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിവരം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുസ്സില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ യുകെ പൗരന്‍മാരുടെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി കണക്കാക്കുന്ന ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ആക്ച്വറീസ് വിസമ്മതിച്ചു. പെന്‍ഷന്‍ വ്യവസായത്തെ ആശ്രയിച്ചാണ് ഏജന്‍സി ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. ശരാശരി ആയുസ് കുറയാന്‍ കാരണമായി ചെലവുചുരുക്കല്‍ നയത്തെയും എന്‍എച്ച്എസ് ഫണ്ട് കട്ടുകളെയും ചില വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണം, ഡിമന്‍ഷ്യ, പ്രമേഹം തുടങ്ങിയവയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുതിയ നിഗമനം അനുസരിച്ച് ഇപ്പോള്‍ 65 വയസുള്ള പുരുഷന്‍മാര്‍ക്ക് 86.9 വയസു വരെയാണ് ശരാശരി ആയുസ്സ് പ്രവചിക്കുന്നത്. നേരത്തേ ഇത് 87.4 വയസു വരെ എന്നായിരുന്നു കണക്കാക്കിയത്. 65 വയസുള്ള സ്ത്രീകള്‍ക്ക് 89.2 വയസാണ് ശരാശരി ആയുസ്സ്. 89.7 വയസായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2010-11ലാണ് ഈ വിധത്തിലുള്ള മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കീഴ് വഴക്കങ്ങളില്‍ നിന്നുള്ള ഒരു വ്യതിയാനമായി മാത്രമാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാല്‍ ആയുസ്സ് കുറയുന്നതിന്റെ നിരക്ക് പിന്നീട് ഉയരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ രണ്ടു മാസത്തോളം ശരാശരി ആയുസ്സില്‍ കുറവുണ്ടായി. എന്നാല്‍ ഈ വര്‍ഷം വീണ്ടും ആറു മാസം കൂടി കുറയുകയായിരുന്നു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പുരുഷന്‍മാരുടെ ആയുസ്സ് 13 മാസവും സ്ത്രീകളുടെ ആയുസ്സ് 14 മാസവും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി. 2037ഓടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇത് 70 ആക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ നടപടികളെ പിന്നോട്ടു വലിക്കുമെന്നാണ് കരുതുന്നത്.