കൊച്ചി ∙ പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ കണ്ടതു കൊലക്കേസ് പ്രതിക്കൊപ്പം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം നടത്തിയ കന്യാസ്ത്രീകളെയാണു ഫാ. നിക്കോളാസ് കണ്ടത്. ഒപ്പമുണ്ടായിരുന്നതാകട്ടെ കൊലപാതക കേസിൽ വിചാരണ നേരിടുന്ന സജി മൂക്കന്നൂരും. കർഷകനേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സജി.

ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സജി ഇപ്പോൾ വിചാരണ നേരിടുകയാണ്. ശനിയാഴ്ചയാണ് ഫാ. നിക്കോളാസ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഫാ.നിക്കോളാസ് തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ശ്രമം. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനും ഫാ. നിക്കോളാസ് ശ്രമിച്ചതായി കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും സഭയ്ക്കെതിരായ വിമര്‍ശനങ്ങളെ നിശിതമായി വിമര്‍ശിച്ചും ചങ്ങനാശേരി അതിരൂപത. സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞു. സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനം വലിയ ഭീഷണിയാണ്.

ജനവികാരം ഇളക്കിവിട്ടു കോടതികളെപ്പോലും സമ്മര്‍ദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതു ദുരുദ്ദേശ്യപരമാണെന്നും ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി.