ലെസ്റ്റര്‍ഷയറില്‍ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഇ-കോളൈ അണു ബാധ മൂലം മരിച്ചു. ഇ-കോളൈ ബാക്ടീരിയയുടെ മാരകമായ വകഭേദമായിരുന്നു കുട്ടികളെ ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. മരണകാരണം സ്ഥിരീകരിച്ചെങ്കിലും ഈ രോഗാണു ബാധ എവിടെനിന്നാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് ഇതുവരെ സാധിച്ചിട്ടില്ല. വിഷയത്തില്‍ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് ഓഫീസര്‍മാരും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അണുബാധ വന്‍തോതില്‍ പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. മരിച്ച കുട്ടികള്‍ ലെസ്റ്ററിലെ ചാണ്‍വുഡ് മേഖലയിലുള്ളവരാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങളായ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

വൃക്കകളില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗബാധ പ്രായമായവരിലും കുട്ടികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മലിന ജലം, പഴകിയ ഭക്ഷണം, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് ഇ-കോളൈ പകരാമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. പനിയില്ലാതെയുള്ള കടുത്ത വയറിളക്കം വരെയുള്ള ലക്ഷണങ്ങള്‍ അണുബാധയുണ്ടായാല്‍ കാണാന്‍ സാധിക്കുമെന്ന് പിഎച്ച്ഇയിലെ കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍സള്‍ട്ടന്റ് ഡോ. ലോറന്‍ അഹ്യൗ പറയുന്നു. ചില കേസുകളില്‍ അണുബാധ വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ വിരളമായി മാത്രമുണ്ടാകുന്ന ഒന്നാണ് ഇ-കോളൈ അണുബാധ. കൈകള്‍ ശുചിയായി സൂക്ഷിക്കുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാന മാര്‍ഗം. കുട്ടികള്‍ക്കും ശുചിത്വം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണം. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ സാധാരണ ഗതിയില്‍ ദോഷകാരിയല്ലെങ്കിലും ചില വകഭേദങ്ങള്‍ക്ക് സിസ്‌റ്റൈറ്റിസ്, മെനിഞ്‌ജൈറ്റിസ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.