ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ശ്വാസ പരിശോധന ബ്രിട്ടനില്‍ പരീക്ഷിക്കുന്നു. രോഗമുള്ളവരുടെ നിശ്വാസ വായുവിലൂടെ പുറത്തു വരുന്ന ക്യാന്‍സര്‍ മുദ്രകളുള്ള തന്മാത്രകളെ കണ്ടെത്തുകയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ബ്രെത്ത് ബയോപ്‌സി ഡിവൈസ് ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ പോലും ഈ രീതിയിലൂടെ കണ്ടെത്താന്‍ കഴിയും. ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണ്ണയം വളരെ ചെലവു കുറഞ്ഞ രീതിയില്‍ നടത്താന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആയിരക്കണക്കിനാളുകളെ മാരക രോഗത്തില്‍ നിന്ന് രക്ഷിക്കാനും ഹെല്‍ത്ത്‌കെയര്‍ ചെലവില്‍ മില്യന്‍ കണക്കിന് പൗണ്ട് ലാഭമുണ്ടാക്കാനും ഇത് സഹായിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലിലായിരിക്കും പരീക്ഷണം നടക്കുക. ഇത് രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കും. ക്യാന്‍സര്‍ രോഗികളും അല്ലാത്തവരുമായ 1500 പേരിലായിരിക്കും പരീക്ഷണം നടത്തുക. ആദ്യഘട്ടത്തില്‍ അന്നനാളത്തിലും ആമാശയത്തിലും ക്യാന്‍സര്‍ ഉള്ള രോഗികളെയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പിന്നീട് പ്രോസ്‌റ്റേറ്റ്, കിഡ്‌നി, മൂത്രസഞ്ചി, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരെ ഉപകരണം ഉപയോഗിച്ച് പരിശോധിക്കും. ക്യാന്‍സര്‍ എന്ന മഹാരോഗം നേരത്തേ കണ്ടെത്താനും രോഗികളെ രക്ഷിക്കാനും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ അടിയന്തരമായി നിര്‍മിക്കണമെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ കേംബ്രിഡ്ജ് സെന്ററിലെ പ്രൊഫ. റബേക്ക ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

നിസ്വാസ വായുവിലൂടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ട വികാസത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കമ്പനിയായ ഔള്‍സ്റ്റോണ്‍ മെഡിക്കല്‍ ആണ് ഈ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയും ചേര്‍ന്നാണ് പാന്‍ ക്യാന്‍സര്‍ ട്രയല്‍ ഫോര്‍ ഏര്‍ലി ഡിറ്റക്ഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ ബ്രെത്ത് എന്ന പേരില്‍ പരീക്ഷണം നടത്തുന്നത്.