ജോണ്‍സണ്‍ ജോസഫ്

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനഞ്ചു മിഷനുകള്‍ ഒന്നുചേര്‍ന്ന വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും , 88 മത് പുനരൈക്യ വാര്‍ഷികവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. സെപ്റ്റംബര്‍ 29 ശനിയാഴ്ച ഉച്ചക്ക് 11.30ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിന്റെ കാര്‍മികത്വത്തില്‍ പ്രാരംഭപ്രാര്‍ത്ഥനയോടെ തീര്‍ത്ഥാടനത്തിന് തുടക്കമായി. ഏതു പ്രതിസന്ധിയിലും സുവ്യക്തമായ സഹായമാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമെന്നു അനുഭവ സാക്ഷ്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് അനുഗ്രഹ പ്രഭാഷണത്തിലൂടെ ഓര്‍മിപ്പിച്ചു.

മലങ്കര സഭയുടെ യു.കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍മാരായ ഫാ.രഞ്ജിത് മടത്തിറമ്പില്‍ , ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സന്‍ മനയില്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായി. നൂറ്റാണ്ടുകളായി വാല്‍സിങ്ഹാം തീര്‍ത്ഥാടകര്‍ നഗ്‌നപാദരായി സഞ്ചരിച്ച ഹോളി മൈല്‍ പാതയിലൂടെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മലങ്കര മക്കള്‍ ജപമാലയും മാതൃഗീതങ്ങളും ചൊല്ലി ഭക്തി സാന്ദ്രമായ പ്രദക്ഷിണമായി നീങ്ങിയപ്പോള്‍, പങ്കെടുത്തവരുടെയും കാഴ്ചക്കാരായി തടിച്ചുകൂടിയ ഇംഗ്‌ളീഷ് ജനതയുടെയും മനസ്സില്‍ അനുഗ്രഹമഴ പെയ്തിറങ്ങി.

വാല്‍സിങ്ഹാം കാത്തലിക് മൈനര്‍ ബസലിക്കയില്‍ എത്തിചേര്‍ന്ന പ്രദക്ഷിണത്തെ ബസലിക്ക റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ ആമിറ്റേജിന്റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടനകമ്മറ്റി ഔപചാരികമായിസ്വീകരിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ്പ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് കര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് മടുക്കമൂട്ടില്‍, ഫാ.രഞ്ജിത് മടത്തിറമ്പില്‍ , ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സന്‍ മനയില്‍ എന്നിവര്‍ വിശുദ്ധബലിയില്‍ സഹകാര്‍മ്മികരായി. പുനരൈക്യത്തിന്റെ 88 മത് വാര്‍ഷികത്തില്‍ അഭിവന്ദ്യ പിതാവ് പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിലേക്കു യു.കെ യിലെ പതിനഞ്ച് മിഷനുകളെ സമര്‍പ്പിക്കുകയും, ഏറ്റവും പുതിയ മിഷനായ സെന്റ് സ്റ്റീഫന്‍സ് അബെര്‍ദീന്‍ , ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ദൈവഹിതത്തിനു പൂര്‍ണമായി കീഴ് വ ഴങ്ങുക വഴി സകലതലമുറകളും ഭാഗ്യവതി എന്നു പ്രകീത്തിക്കത്തക്ക വിധം മറിയത്തിന്റെ സ്ഥാനം രക്ഷാകര ചരിത്രത്തില്‍ സ്ഥാനം പിടിച്ചുവെന്നും, ഏത് ജീവിതാവസ്ഥയിലും മാനുഷിക പരിഹാരങ്ങള്‍ക്കുപരി, പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതത്തിനു മുന്‍പിലുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് അനുഗ്രഹങ്ങളുടെയും, നിലനില്‍ക്കുന്ന വിജയങ്ങളുടെയും അടിസ്ഥാനമെന്ന് മാര്‍ തിയോഡോഷ്യസ്, ബസലിക്കയില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ സുവിശേഷ പ്രസംഗമധ്യേ ഓര്‍മ്മിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുണ്യശ്ലോകനായ മാര്‍ ഇവാനിയോസ് പിതാവ് തികഞ്ഞ മാതൃഭക്തനായിരുന്നു വെന്നു പിതാവ് അനുസ്മരിച്ചു. ഈ പുണ്യദിനം പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി തിരഞ്ഞെടുത്ത അതുല്യ ജെയ്‌സനെയും, മാതാപിതാക്കളെയും, ഒപ്പം തീര്‍ഥാടന കേന്ദ്രത്തില്‍ ജന്മദിനം ആഘോഷിക്കുവാന്‍ തീരുമാനിച്ചവരെയും പിതാവ് ശ്ലാഘിച്ചു.

കുര്‍ബാനക്ക് ശേഷം യു. കെ മലങ്കര സഭയുടെ മതബോധന ഡയറി മാര്‍ തിയോഡോഷ്യസ് പ്രകാശനം ചെയ്തു. ശുശ്രൂഷ ഗീതങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപപ്പെടുത്തിയ മലങ്കര നാഷണല്‍ കൊയറിന്റെ പ്രഥമ ആലാപനം ഭക്തിനിര്‍ഭരമായിരുന്നു. നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ ജോസഫ് നന്ദിപ്രകാശനം നടത്തി.

പുനരൈക്യ വാര്‍ഷികത്തിന്റെ സ്മരണയില്‍ നടത്തപ്പെട്ട മരിയന്‍ തീര്‍ഥാടനം ഭക്തി സന്ദ്രതകൊണ്ടും പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധനേടി. പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ഇത്തവണത്തെ പുനരൈക്യ വാര്‍ഷികം മലങ്കര സഭയില്‍ ആഘോഷങ്ങളില്ലാതെയാണ് ആചരിച്ചത്. ആഘോഷങ്ങള്‍ക്ക് വേണ്ടി വരുന്ന തുക പ്രളയസഹായ നിധിയിലേക്ക് നല്‍കി സഭ മാതൃക കാട്ടിയിരുന്നു.

സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വതിലുള്ള വൈദികരും, നാഷണല്‍ കൗണ്‌സില്‍ അംഗങ്ങളും മിഷന്‍ ഭാരവാഹികളും അടങ്ങുന്ന സമിതിയാണ് ഇത്തവണത്തെ തീര്ഥാടനത്തിനും പുനരൈക്യ വര്‍ഷികത്തിനും ചുക്കാന്‍ പിടിച്ചത്. ഗ്ലാസ്‌ഗോ മുതല്‍ സൗത്താംപ്ടണ്‍ വരെയുള്ള കുടുംബങ്ങളും ആവേശപൂര്‍വം പ്രാര്‍ത്ഥനയോടെ ഒന്നുചേര്‍ന്നപ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ പൊന്‍ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട അദ്ധ്യായമായി വാല്‍സിങ്ഹാം തീര്‍ഥാടനം മാറി.