ബിനോയ് എം. ജെ.

നിങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുവാൻ പഠിക്കുവിൻ എന്ന് പറയുമ്പോൾ ഇതെന്തൊരസംബന്ധമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് നാമെങ്ങിനെ ജീവിക്കും. നമുക്ക് ഭ്രാന്ത് പിടിക്കില്ലേ?പക്ഷേ ശരിക്കും നാം കാട്ടിക്കൂട്ടുന്ന അസംബന്ധത്തെക്കുറിച്ച് ബോധവാന്മാരാവുമ്പോൾനാം ഞെട്ടും. നാം കാണുന്ന ഈ ജീവിതവും അതിലെ പ്രശ്നങ്ങളും നമുക്ക് പണിയൊന്നുമില്ലാത്തത്കാരണം നാം കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങൾ മാത്രം. ജീവിതം എന്ന് ഒന്നവിടെ സംഭവിക്കുന്നില്ല. പ്രശ്നങ്ങൾക്കാവട്ടെ സാധുതയുമില്ല. എല്ലാം കൃത്രിമം! എല്ലാം നമ്മുടെ തന്നെ സൃഷ്ടി.

ഈ പ്രപഞ്ചത്തിന് രൂപം കൊടുക്കുന്നത് നമ്മുടെ മനസ്സ് തന്നെയാണെങ്കിൽ മനസ്സ് എന്തുകൊണ്ട് അത്തരം ഒരു സാഹസത്തിന് മുതിരണം? അതിന് അതിൽനിന്നും വിട്ടുനിന്നുകൂടേ? എത്രയോ അർത്ഥവ്യത്തായ ചോദ്യം! എന്നാൽ കാര്യത്തോടടുക്കുമ്പോൾ കളി മാറുന്നു. മനസ്സിന് അതിനൊട്ടും തന്നെ താത്പര്യമില്ല. പ്രശ്നം മനസ്സിലാണ് കിടക്കുന്നത്. മനസ്സ് പറയുന്നു “ഈ പ്രശ്നങ്ങളൊക്കെ യാഥാർഥ്യമാണ്. നീയവക്ക് പരിഹാരം കണ്ടുപിടിക്കുക. അപ്പോൾ അവ തിരോഭവിക്കും” വാസ്തവത്തിൽ മനസ്സിന് വേണ്ടത് പ്രശ്നങ്ങളേക്കാളുപരി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. പരിഹാരം കണ്ടുപിടിക്കുന്നതിനുവേണ്ടി പ്രശ്നങ്ങൾ തുടരെ തുടരെ മനസ്സിൽ സൃഷ്ടിക്കപ്പെടുന്നു. ഇപ്രകാരം പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ മനസ്സിൽ സംഭവിക്കുന്നു. എന്നാൽ ശരിക്കുമുള്ള പരിഹാരമുണ്ടോ കണ്ടുപിടിക്കപ്പെടുന്നു! പ്രശ്നം കപടമാണെങ്കിൽ പിന്നെ പരിഹാരം എങ്ങനെയാണ് സത്യമാകുന്നത്? പരിഹാരം എപ്പോഴും അപൂർണ്ണവും അസത്യവും കപടവും ആയിരിക്കും. അപൂർണ്ണതയുമായി പൊരുത്തപ്പെടുവാൻ മനസ്സിനാവില്ല. അതിനാൽതന്നെ ഈ പ്രക്രിയ അനന്തമായി നീളുന്നു.

ഇവിടെയാണ് പ്രശ്നങ്ങളെ അവഗണിച്ച് തുടങ്ങേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നത്. കപടമായ പ്രശ്നങ്ങളെ താലോലിക്കുവാനുള്ള വാസന മനസ്സിനുണ്ടെങ്കിൽ ആദ്യമേ തന്നെ അതിനൊരു വിരാമമിടുക. പ്രശ്നങ്ങളുടെ തള്ളിക്കയറ്റവും പരിഹാരങ്ങൾ കണ്ടുപിടിക്കുവാനുള്ള വ്യഗ്രതയും മൂലം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന മനസ്സിന് അൽപം ശാന്തി കിട്ടട്ടെ!നാം തന്നെയാണ് മനസ്സിനെ പ്രക്ഷുബ്‌ധമാക്കുന്നത്. അതിനാൽതന്നെ പ്രക്ഷുബ്ധതയുടെ പരിഹാരവും നമ്മുടെ കയ്യിൽ തന്നെയാണ് ഇരിക്കുന്നതും. ഇവിടെയാണ് പ്രശ്നങ്ങളെ അവഗണിച്ച് തുടങ്ങേണ്ടുന്നതിന്റെ ആവശ്യകത കുടികൊള്ളുന്നതും. പ്രശ്നങ്ങൾ നാം തന്നെ സൃഷ്ടിക്കുന്നതാണെങ്കിൽ അതിനൊരു വിരാമമിടുവാനും നമുക്ക് കഴിയും. ഇപ്രകാരം എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം സമ്പാദിച്ച് അനന്താനന്ദത്തിലേക്ക് വരുവാൻ മനുഷ്യന് കഴിയും.

എല്ലാ പ്രശ്നങ്ങളെയും ദൂരെയെറിയുവിൻ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ഒരു പ്രശ്നത്തിനും കഴിയുകയില്ല! നിങ്ങൾ ശുദ്ധമായ ആത്മാവാണ് അല്ലെങ്കിൽ ഈശ്വരനാണ്. ഈശ്വരനെ പ്രശ്നങ്ങൾ ബാധിക്കുകയെന്നോ? ഒരിക്കലും ഇല്ല. ബാധിക്കുന്നതായി തോന്നുക മാത്രം ചെയ്യുന്നു. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളെയെല്ലാം കുടഞ്ഞ് കളയുവിൻ! ഒരിക്കൽ നിങ്ങളതിൽ വിജയിച്ചാൽ നിങ്ങൾ പ്രശ്നങ്ങളാകുന്ന മായാബന്ധനത്തിൽ നിന്നും എന്നെന്നേക്കുമായി മോചനം നേടുന്നു. തെറ്റായ ശീലമാണ് മനുഷ്യന് ക്ലേശങ്ങൾ കൊടുക്കുന്നത്. പ്രശ്നങ്ങൾ യഥാർത്ഥമാണെന്ന് അവൻ ധരിച്ച് വച്ചിരിക്കുന്നു. മറിച്ച് അത് വെറും മായയാണ്. പ്രശ്നങ്ങൾക്കുള്ള യഥാർത്ഥമായ പരിഹാരം അത്തരം ഒരു പരിഹാരം അന്വേഷിക്കുവാതിരിക്കുമ്പോൾ മാത്രമാണ് ലഭിക്കുന്നത്. പരിഹാരം അന്വേഷിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കും

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120