റഷ്യ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ എംഐ 6 മേധാവി സര് റിച്ചാര്‍ഡ് ഡിയര്‍ലവ്. സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണം പോലെയുള്ള വന്യമായ ശ്രമങ്ങള്‍ റഷ്യ നടത്തുന്നതിനാല്‍ ആ രാജ്യത്തെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണം പോലെ റഷ്യക്കു പങ്കുള്ള ആക്രമണങ്ങള്‍ ഭാവിയിലും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വന്യ സ്വഭാവം വ്ളാഡിമിര്‍ പുടിന്റെ രാജ്യത്തിന്റെ ജനിതകത്തിലുണ്ടെന്നും സോവിയറ്റ് ചാരപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ റഷ്യന്‍ ചാരപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുടിനെ അധികാരത്തില്‍ നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ റഷ്യയുടെ ദേശീയ താല്പര്യം. അതിനായി നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. റഷ്യയുടെ ഡിഎന്‍എയില്‍ ഇത്തരം ഛിദ്രതയ്ക്കുള്ള കഴിവുകളുണ്ടെന്നും അത് വ്യപകമായി ആ രാഷ്ട്രം ഉപയോഗിച്ചു വരികയാണെന്നും സര് റിച്ചാര്‍ഡ് വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാല്‍ കൊലപാതകങ്ങളും അതിനുള്ള ശ്രമങ്ങളും റഷ്യ ആയുധമാക്കി വരികയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സാലിസ്ബറി ആക്രമണത്തിലെ രണ്ടാം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ് പുറത്തു വന്നിരിക്കുന്നത്.
ചൊവ്വാഴ്ച നടക്കുന്ന കോമണ്‍സ് കമ്മിറ്റി യോഗത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് വെബ്സൈറ്റായ ദി ബെല്ലിംഗ്ക്യാറ്റ് റഷ്യന്‍ ജിആര്‍യു മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്ക്രിപാലിനെ ആക്രമിച്ച രണ്ട് റഷ്യന്‍ ചാരന്മാര് റുസ്ലാന് ബോഷിറോവ്, അലക്സാന്‍ഡര്‍ പെട്രോവ് എന്നിവരാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇവ വ്യാജപ്പേരുകളാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് 2004-2008 കാലയളവില്‍ റഷ്യന്‍ അംബാസഡറായിരുന്ന സര് ടോണി ബ്രെന്റണും ശനിയാഴ്ച പറഞ്ഞിരുന്നു.
Leave a Reply