സാലിസ്ബറി ആക്രമണത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണത്തില്‍ വ്യക്തമായ സന്ദേശം നല്‍കി റഷ്യ. 4000 മൈല്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള സര്‍മത് ഭൂഖണ്ഡാന്തര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക്ക് മിസൈല്‍ റഷ്യ പരീക്ഷിച്ചു. സാത്താന്‍ മിസൈല്‍ എന്ന് അറിയപ്പെടുന്ന ഇത് ഭൂഗര്‍ഭത്തില്‍ നിന്നാണ് ഉപരിതലത്തിലേക്ക് വിക്ഷേപിച്ചത്. നോര്‍ത്തേണ്‍ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെയും നടപടിക്ക് മറുപടിയെന്ന നിലയിലാണ് മിസൈല്‍ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

പുതിയ സബ്മറൈന്‍ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായാണ് പ്രതിരോധ ബജറ്റില്‍ ഇത്രയും വര്‍ദ്ധന വരുത്തിയത്. റഷ്യയുമായി ഉടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് ലോകം ആശങ്കയോടെ കാണുന്ന സാത്താന്‍ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. മേഖലയില്‍ ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉടലെടുത്തിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ മറ്റ് രാജ്യങ്ങളുടെ നടപടിക്കും അതേ നാണയത്തില്‍ റഷ്യ തിരിച്ചടി നല്‍കിയിരുന്നു.

മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഈ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2021ല്‍ സൈന്യത്തിന് കൈമാറാവുവന്ന വിധത്തിലാണ് മിസൈലിന്റെ പരീക്ഷണം പുരോഗമിക്കുന്നത്. ഈ മിസൈലിനെ പ്രതിരോധിക്കണമെങ്കില്‍ കുറഞ്ഞത് 500 അമേരിക്കന്‍ നിര്‍മിത എബിഎം മിസൈലുകള്‍ വേണ്ടിവരുമെന്നാണ് റഷ്യന്‍ സെനറ്റിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിക്ടര്‍ ബോന്‍ഡറേവ് അവകാശപ്പെട്ടത്.