ഫാ. ബിജു കുന്നക്കാട്ട്
സ്‌കോട്‌ലാന്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന ‘രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്റെ’ രണ്ടാം ദിനം സ്‌കോട്‌ലാന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ലോക പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ശുശ്രുഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സ്‌കോട്‌ലാന്‍ഡ് റീജിയണിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പുതിയ ആത്മീയ അനുഭവത്തിനു സാക്ഷികളായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ജോസഫ് വേമ്പാടുംതറയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്. റീജിയണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികരും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു.
കര്‍ത്താവിന്റെ ദിവസമായ സാബത്തു ദിവസം വേണ്ടത്ര പ്രാധാന്യത്തോടെ ആചരിക്കാത്തതാണ് ജീവിതത്തില്‍ പലപ്പോഴും വലിയ തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് വചന പ്രഘോഷണ മധ്യേ ഫാ. വട്ടായില്‍ പറഞ്ഞു. കര്‍ത്താവിന്റെ ദിവസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തപ്പോള്‍ അനുഗ്രഹത്തിന്റെ ജീവിതത്തിലേക്ക് മടങ്ങിവന്ന വ്യക്തികളുടെ സാക്ഷ്യങ്ങള്‍ വിശ്വാസികളുടെ ആത്മീയ ബോധ്യങ്ങളെ ഉറപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി, പ്രാര്‍ത്ഥനയിലും നിശ്ശബ്ദതയിലും ബലിയര്‍പ്പണത്തിനു ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
പ്രസ്റ്റണ്‍ റീജിയണിലെ കണ്‍വെന്‍ഷന്‍ 24 ബുധനാഴ്ച പ്രസ്റ്റണ്‍ സെ. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് കണ്‍വെന്‍ഷന്‍ സമയം. പ്രസ്റ്റണ്‍ റീജിയണിലെ വൈദികരും സന്യാസിനികളും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യ ബലിയില്‍ മുഖ്യ കാര്‍മ്മികനാവുകയും വചന സന്ദേശം പങ്കുവെയ്ക്കുകയും ചെയ്യും. റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ. സോജി ഓലിക്കല്‍ തുടങ്ങിയവര്‍ വചന ശുശ്രുഷ നയിക്കും. ദിവ്യകാരുണ്യ ആരാധനയോടെ തിരുക്കര്‍മങ്ങള്‍ സമാപിക്കും.
Leave a Reply