ഫാ. ബിജു കുന്നയ്ക്കാട്ട്

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം ഇന്ന് പെര്‍ഫ്യൂമുകള്‍ക്കുണ്ട്. ചെറിയ വിലയില്‍ തുടങ്ങുന്ന ഈ ‘ചെറിയ കുപ്പികള്‍’ ബ്രാന്‍ഡ് നെയിമുകള്‍ക്കും നിലവാരത്തിനുമനുസരിച്ചും അതിഭീമമായ വിലകളില്‍ ചെന്നാണ് അവസാനിക്കുന്നത്. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. യാത്ര പുറപ്പെടും മുമ്പും മീറ്റിംഗുകളില്‍ സംബന്ധിക്കുമ്പോഴും ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ മുമ്പില്‍ ‘സുഗന്ധവാഹകരായി’ പ്രത്യക്ഷപ്പെടാറുണ്ട്. നിറത്തിലും മണത്തിലും സ്റ്റാന്‍ഡേര്‍ഡിലും ഇഷ്ടപ്പെട്ട് മിക്കവരും ചില പെര്‍ഫ്യൂകള്‍ തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളാണ് പലരേയും ഈ സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കുന്നത്: നല്ല ഡ്രസ്സിങ്ങിനൊപ്പം സുഗന്ധത്തിൻറെ അകമ്പടി  മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പ്രത്യക്ഷപ്പെടാന്‍ സഹായിക്കുമെന്ന ചിന്ത, സ്വന്തം ശരീര ദുര്‍ഗന്ധത്തിൻറെയും വിയര്‍പ്പുനാറ്റത്തിൻറെയും അസഹ്യത മറയ്ക്കാന്‍, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അടുത്ത് ഇടപെഴകുമ്പോഴും ആത്മവിശ്വാസം കിട്ടാന്‍.

അതുകൊണ്ടുതന്നെ അതിപുരാതനകാലം മുതല്‍ തന്നെ ഇത്തരം സുഗന്ധലേപനങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബിസി 1350-ല്‍ ഈജിപ്തുകാര്‍ ലില്ലിപ്പൂക്കളില്‍ നിന്നും മറ്റു പുഷ്പങ്ങളില്‍ നിന്നും സത്ത് വേര്‍തിരിച്ചെടുത്ത് സുഗന്ധലേപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോണിയയില്‍ ‘അത്തര്‍’ വിശേഷ വസ്തുവായിരുന്നു. പണ്ട് രാജാക്കന്മാര്‍ മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിവിധ പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം നിറഞ്ഞ വിവിധ നിറ-വില നിലവാരത്തിലുള്ള കൃത്രിമ സുഗന്ധലേപനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ഇത്തരം പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍, സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്ത്മ, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ നടന്ന മറ്റൊരു ഗവേഷണഫലം തെളിയിച്ചത് നാലിലൊന്നു സ്ത്രീകള്‍ക്കും മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെര്‍ഫ്യൂമുകളുടെ ഗന്ധമായിരുന്നു.

ഇന്ന് കൂടുതലും കൃത്രിമ രാസവസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കുന്ന ഈ സുഗന്ധദ്രവ്യങ്ങളുടെ ‘ട്രേഡ് സീക്രട്ട്’ നിര്‍മ്മാതാക്കളില്‍ പലരും പുറത്തുവിടാറില്ല. പലതിലും പ്രകൃതിദത്ത എണ്ണകളോടൊപ്പം വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. റോസ് എസന്‍ഷ്യല്‍ ഓയിലുകളിലും കെന്റക്കി ബോര്‍ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ്‍ ശരാശരിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അലര്‍ജിക്ക് കാരണമാകും. 1, 8 സിനോള്‍ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അത് കരളിൻറെ പ്രവര്‍ത്തനത്തെയും ബാധിക്കും. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നവര്‍ക്ക് മാത്രമല്ല അടുത്തുനിന്ന് അതിൻറെ ഗന്ധം ശ്വസിക്കുന്നവര്‍ക്കും അത് തലവേദനയ്ക്ക് കാരണമാകും.

പെര്‍ഫ്യൂം പോലെ വ്യക്തിജീവിതത്തിൻറെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി ഇതുപോലെ, ഇതിലേറെ ദോഷകരമായിത്തീരാറുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ നല്ലവനായി ചമയാന്‍ നുണപറയുന്ന സ്വഭാവത്തെ മറയാക്കുന്നവര്‍, സ്റ്റാറ്റസിൻറെ ലക്ഷണമായും പൗരുഷം തെളിയിക്കാനും മദ്യപിക്കുന്നത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനും പണം ധൂര്‍ത്തടിക്കുന്നത്, വെറുപ്പും അസൂയയും വിദ്വേഷവും മനസില്‍ കൊണ്ടുനടക്കുന്നതും അഹങ്കാരത്തിൻറെയും സ്വയം പുകഴ്ചയുടെയും വര്‍ത്തമാനം പറയുന്നതും പെര്‍ഫ്യൂമുകളുടെ നിരന്തര ഉപയോഗം ഭാവിയില്‍ വരുത്തുന്ന അപകടങ്ങളെക്കാള്‍ ഏറെ ദോഷകരമായി ഓരോരുത്തരെയും ബാധിക്കുന്നതാണ്.

ചെറുതും വലുതുമായ പല അവസരങ്ങളിലും നമ്മുടെ മുഖം മറ്റുള്ളവരുടെ മനസില്‍ മനോഹരമായി നിലനിര്‍ത്താന്‍ കള്ളത്തരങ്ങളും നുണകളും പറയുന്നവരാണ് നമ്മളിലധികവും. ചെറിയ കാര്യങ്ങളിലെ നുണ വിജയിക്കുന്നതായിക്കാണുമ്പോള്‍ പിന്നീടത് വലിയ കാര്യങ്ങളിലും പരീക്ഷിക്കാന്‍ ധൈര്യപ്പെടും. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച്, ദമ്പതികള്‍ തമ്മില്‍ പരസ്പരം നുണപറയുന്ന, കള്ളത്തരം കാണിക്കുന്ന സ്വഭാവം തുടങ്ങിയാല്‍ പിന്നീട് ബന്ധങ്ങള്‍ തകരുന്ന അവസ്ഥയിലേയ്ക്കുവരെ അതുകൊണ്ടുചെന്നെത്തിക്കാം. പണത്തിൻറെ വിനിയോഗം, ബന്ധങ്ങളിലെ വിശ്വസ്തത തുടങ്ങിയവയിലെ ചെറിയ പുഴുക്കുത്തുകള്‍ നുണയുടെ വാക്ചാതുരിയില്‍ കുറേനാള്‍ കുഴപ്പമില്ലാതെ പൊതിഞ്ഞുപിടിച്ചു മുഖം രക്ഷിച്ചാലും പിന്നീടാ മുഖം മൂടി അഴിഞ്ഞുവീഴുകയും കൂടുതല്‍ ദോഷകരമായതു സംഭവിക്കുകയും ചെയ്‌തേക്കാം.

ആണത്തം തെളിയിക്കാനും സമൂഹത്തിലെ സ്റ്റാറ്റസിൻറെ ഭാഗമാകാനും മദ്യപിച്ച് തുടങ്ങുന്നവരുണ്ട്. പുകവലിയുടെയും മറ്റു മയക്കുമരുന്നുപയോഗങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. ഉപയോഗിക്കുന്നയാള്‍ക്ക് ആദ്യമത് രസം തരുന്ന കാര്യവും സമപ്രായക്കാരുടെയും സമചിന്താഗതിക്കാരുടെയും കയ്യടി ലഭിക്കുന്ന കാര്യവുമെന്നതൊഴിച്ചാല്‍ പിന്നീടത് ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കാനായി ദേഹത്ത് കയറിക്കൂടിയ പിശാചായി അനുഭവപ്പെടും. മദ്യപാനത്തിൻറെ 3 ഘട്ടങ്ങളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്: ‘ആദ്യം മനുഷ്യന്‍ മദ്യം കുടിക്കുന്നു, പിന്നെ മദ്യം മദ്യത്തെ കുടിക്കുന്നു, ഒടുവില്‍ മദ്യം മനുഷ്യനെ കുടിക്കുന്നു’. ആദ്യത്തെ ലെവലില്‍ തുടങ്ങുന്ന ആള്‍ അവസാനത്തെ ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ താന്‍ അകപ്പെട്ടു പോയ ചതിക്കുഴിയെക്കുറിച്ച് അറിയൂ.

 

 

 

 

 

 

 

 

 

 

 

 

 

പണത്തിൻറെ വിവേകമില്ലാത്ത ഉപയോഗത്തിലൂടെയും സ്വന്തം ജീവിതം അപകടത്തിലേയ്ക്ക് തള്ളിവിടുന്നവരുണ്ട്. ‘അത്യാവശ്യത്തില്‍ പണം ചിലവഴിക്കുകയും ആവശ്യത്തില്‍ സാഹചര്യമനുസരിച്ചുമാത്രം പണം വിനിയോഗിക്കുകയും അനാവശ്യത്തിന് ഒരിക്കലും പണം ഉപയോഗിക്കാതിരിക്കുകയും ചെയ്യണം’ എന്ന പരമ്പരാഗത ധനവിനിയോഗ ചിന്താഗതികള്‍ മാറ്റിവച്ച് അനാവശ്യങ്ങളില്‍ പണം ധൂര്‍ത്തടിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഇന്നത്തെ സമൂഹത്തിൻറെ ചിന്താഗതി. കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ഓരോ ആഘോഷങ്ങളിലും പണം ചിലവഴിക്കാനുള്ള പുതിയ വഴികള്‍ എന്താണ് എന്നാണ് ഇന്ന് ഓരോരുത്തരും അന്വേഷിക്കുന്നത്. പണത്തിൻറെ ധാരാളിത്തത്തില്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും കൂട്ടുകെട്ടുകളിലും ജീവിതം ആഘോഷിക്കുന്നവര്‍ക്ക് നാശവും ആസന്നമാണെന്ന് ഓര്‍ത്തിരിക്കണം.

മനസില്‍ കട്ടകെട്ടിക്കിടക്കുന്ന ചില നെഗറ്റീവ് എനര്‍ജികളെയും ഇത്തരുണത്തില്‍ കാണാതെ പോകരുത്. മനസില്‍ താലോലിച്ച് കൊണ്ടുനടക്കുന്ന വൈരാഗ്യത്തിൻറെയും വെറുപ്പിൻറെയും അസൂയയുടെയും ഭാവനകള്‍, നിറവേറ്റപ്പെടാതെ പോകുന്ന പ്രതികാരത്തിനു പകരമുള്ള ഒരു ആത്മസംതൃപ്തി ആ വ്യക്തിക്ക് നല്‍കുമെങ്കിലും അത് ഒരു നെഗറ്റീവ് എനര്‍ജിയാണെന്നതിനാല്‍ ആ വ്യക്തിയുടെ തന്നെ നാശത്തിലേ അത് കൊണ്ടുചെന്നെത്തിക്കൂ. അപ്രതീക്ഷിത അംഗീകാരങ്ങളോ ബഹുമതികളോ കിട്ടുമ്പോള്‍ സ്വന്തം കഴിവിൻറെ വലിപ്പത്തെക്കുറിച്ച് ‘വലിയ വര്‍ത്തമാനം’ പറഞ്ഞു സ്വയം ഇളിഭ്യരാകുന്നവരുണ്ട്. ഇതിന് സമാനമായ മലയാളത്തിലുള്ള പഴഞ്ചൊല്ല്, ‘അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുക’ എന്നത്രേ! ന്യൂജന്‍ കാലത്ത് അത് ‘തള്ള്’ എന്നാണറിയപ്പെടുന്നത്. ”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന് ബൈബിളിലെ പ്രഭാഷകൻറെ പുസ്തകം ഉപദേശിക്കുന്നു. പക്വതയില്ലാത്ത ഇത്തരം മനസിലെ അധമവിചാരങ്ങളും ചിന്തയില്ലാത്ത വിവേകരഹിതമായ സംസാരങ്ങളുമെല്ലാം സ്വന്തം നാശം ക്ഷണിച്ചു വരുത്താനും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനുമേ ഉപകരിക്കൂ.

പെര്‍ഫ്യൂം അടിക്കുന്ന ആളിൻറെ അടുത്ത് നില്‍ക്കുന്നവര്‍ക്കും അതു ശ്വസിക്കുന്നതുവഴി അതിൻറെ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കള്ളത്തരത്തിലും ലഹരിയിലും ധനാസക്തിയിലും മനസിലെ നിഷേധാത്മക ചിന്തകളിലും കഴിയുന്നവരുടെ ചുറ്റും നില്‍ക്കുന്നവർക്കും ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വ്യക്തിത്വ വികസനത്തിനു തടസ്സം നിൽക്കുന്ന ഇത്തരം കൃത്രിമ ആവരണങ്ങളിലും സുഗന്ധലേപനങ്ങളിലും നിന്ന് വിവേകപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കാം. ധാര്‍മ്മികതയും ശുചിത്വവുമുള്ള ആത്മാവിനും മനസിനും കൃത്രിമ സുഗന്ധക്കൂട്ടുകളുടെ ‘കൂടുതല്‍ ഡെക്കറേഷന്‍’ എന്നും ആവശ്യമില്ല. കൃത്രിമ സൗന്ദര്യത്തിൻറെയും സുഗന്ധത്തിൻറെയും ആകര്‍ഷണത്തേക്കാള്‍ സ്വാഭാവിക ജീവിത ശുദ്ധിയാണ് കൂടുതല്‍ മഹത്തരമെന്നും മറക്കാതിരിക്കാം. സ്വാഭാവിക നന്മയുടെയും വിശുദ്ധിയുടെയും മുഖങ്ങളും ജീവിതങ്ങളും കൊണ്ട് ഈ ഭൂമി കൂടുതല്‍ സുന്ദരമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.