ന്യൂസ് ഡെസ്ക്
ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 28 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുകയും ചെയ്യും. ഡേ ലൈറ്റ് സേവിംഗ് സമ്പ്രദായമനുസരിച്ചുള്ള ഈ സിസ്റ്റം നിലവിൽ വന്നത് നൂറോളം വർഷങ്ങൾക്ക് മുമ്പാണ്.
1916 ലാണ് ബ്രിട്ടിഷ് പാർലമെൻറ് സമ്മർ ടൈം ആക്ട് പാസാക്കിയത്. 1907ൽ വില്യം വില്ലറ്റ് ആരംഭിച്ച കാമ്പയിനിന്റെ വിജയമായിരുന്നു ഈ സമയമാറ്റം. രാവിലെയും വൈകുന്നേരങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്നതിലെ വ്യതിയാനമനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നതിനായാണ് പ്രധാനമായും സമയമാറ്റം നടപ്പാക്കിയത്. സമ്മർ ടൈം ആരംഭിക്കുന്ന മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച സമയം ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇതനുസരിച്ച് 2019 മാർച്ച് 31 ഞായറാഴ്ച രാവിലെ ഒരു മണിക്ക് സമയം രണ്ടു മണിയാക്കും.
Leave a Reply