മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂളില്‍ ആരോ പെപ്പര്‍ സ്പ്രേ പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം. മാഞ്ചസറ്റര്‍ ഹെല്‍ത്ത് അക്കാഡമിയിലാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് കണ്ണുകളില്‍ നീറ്റലുണ്ടാകുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതായി ഹെഡ്ടീച്ചര് അറിയിച്ചു. മോര്‍ണിംഗ് രജിസ്ട്രേഷന് സമയമായ 9 മണിക്കും 9.30നുമിടയില്‍ കോറിഡോ റില്‍ ആരോ പെപ്പര്‍ സ്േ്രപ പ്രയോഗിച്ചുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെവിന് ഗ്രീനും സ്ഥിരീകരിച്ചു. കുട്ടികള്‍ ആരെങ്കിലുമായിരിക്കും പെപ്പര്‍ സ്പ്രേ ഇവിടെയെത്തിച്ചതെന്നാണ് മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് അറിയിക്കുന്നത്.
ഏഴു കുട്ടികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് അസ്വസ്ഥതകളുണ്ടായത്. ഇവരില്‍ നാലു പേരെ വീടുകളിലേക്ക് അയച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. എന്നാല്‍ അത് വിദ്യാര്‍ത്ഥിയാണോ ജീവനക്കാരില്‍ ആരെങ്കിലുമാണോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ആംബുലന്‍സ് സര്‍വീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തു. ബുക്ക് വേ ഹൈസ്കൂള്‍ എന്ന പേരിലും അറിയപ്പെടുന്ന സ്കൂളില്‍ സംഭവത്തെത്തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘവും എത്തിയിരുന്നു.
ആരോ ഒരു എയറോസോള്‍ തുറന്നു വിട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്ന് കാട്ടി സ്കൂളില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് മെസേജ് ലഭിച്ചു. കുട്ടികള്‍ സുരക്ഷിതരാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പോലീസിനെയും ഫയര്‍ ബ്രിഗേഡിനെയും വിളിച്ചത് നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Leave a Reply