ജോലി സമ്മര്‍ദ്ദം തങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു എന്ന ആരോപണവുമായി ആയിരക്കണക്കിന് മിഡ് വൈഫുമാര്‍ എന്‍എച്ച്എസ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിയും വ്യക്തിജീവിതവുമായുള്ള സന്തുലനം സാധ്യമാകാത്തതിനാല്‍ ദിവസം ശരാശരി ഒരാള്‍ വീതം ജോലിയില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ് എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളോളം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച എന്‍എച്ച്എസില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞുപോയതു മൂലം സ്റ്റാഫുകളുടെ എണ്ണം കുറവായ വാര്‍ഡുകളില്‍ അമിത ജോലി ചെയ്യേണ്ട ഗതികേടിലാണ് നിലവിലുള്ള ജീവനക്കാര്‍. മിഡ് വൈഫുമാരുടെ വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തണമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ് വൈഫ്‌സ് ഏറെക്കാലമായി ആവശ്യമുന്നയിക്കുന്നതാണെന്ന് ഡയറക്ടര്‍ ജോണ്‍ സ്‌ക്യൂവ്‌സ് പറയുന്നു.

ഈ പ്രശ്‌നം മിഡ് വൈഫുമാരെ നിലനിര്‍ത്താനുള്ള എന്‍എച്ച്എസിന്റെ ശേഷിയെ ബാധിക്കുകയാണെന്നും ജീവനക്കാരുടെ എണ്ണം ഏറ്റവും കുറവുള്ള ഇംഗ്ലണ്ടില്‍ ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ആര്‍സിഎം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജിവെച്ച 1649 മിഡ് വൈഫുമാര്‍ കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വന്നതാണ് വിട്ടുപോകാന്‍ കാരണമെന്ന് വെളിപ്പെടുത്തി. ഓരോ വര്‍ഷവും 3000 പേരെങ്കിലും ഈ വിധത്തില്‍ ജോലി വിടുന്നുണ്ടെന്നാണ് കണക്ക്. ചിലര്‍ മാത്രം പ്രൊഫഷനില്‍ തുടരുന്നുണ്ട്. എല്ലാ വര്‍ഷവും യോഗ്യത നേടിയ 2000 പുതിയ റിക്രൂട്ടുകള്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തു വരുന്നുണ്ട്. എങ്കിലും നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ഇവര്‍ മാത്രം മതിയാകില്ല.

2013 അവസാനം മുതലാണ് ജോലി സമ്മര്‍ദ്ദം മൂലം മിഡ് വൈഫുമാര്‍ ജോലിയുപേക്ഷിക്കുന്നത് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. മെറ്റേണിറ്റി വാര്‍ഡുകളില്‍ പ്രസവവേദനയനുഭവപ്പെടുന്ന ആയിരക്കണക്കിന് ഗര്‍ഭിണികള്‍ക്കു പോലും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ മാസം എന്‍എച്ച്എസ് ആശുപത്രികള്‍ക്കായി 10 വര്‍ഷ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവു മൂലം അത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് എന്‍എച്ച്എസ് ആശുപത്രി മേധാവികള്‍ പറയുന്നത്.