പരിചരണത്തെക്കുറിച്ച് രോഗികളും ജീവനക്കാരും പങ്കുവെക്കുന്ന ആശങ്കകള്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പുറത്തു വിടണമെന്ന് നിര്‍ദേശം. ഗോസ്പോര്‍ട്ട് സ്കാന്‍ഡലിന്റെ വെളിച്ചത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗോസ്പോര്‍ട്ട് സ്വതന്ത്ര പാനല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഈ നിര്‍ദേശം നല്‍കിയത്. ഗോസ്പോര്‍ട്ട് വാര് മെമ്മോറിയല്‍ ഹോസ്പിറ്റിലുണ്ടായ മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യമാണ് സമര്‍പ്പിക്കപ്പെട്ടത്. രോഗികള്‍, അവരുടെ ബന്ധുക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് ഹാന്‍കോക്ക് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്.
ഗോസ്പോര്‍ട്ട് ആശുപത്രിയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും ഞെട്ടിക്കുന്നതുമായ സംഭവമാണ്, അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയ്യാറാകണമെന്നും ഹാന്‍കോക്ക് പറഞ്ഞു. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ സുതാര്യവും മരുന്നുകള്‍ നല്‍കുന്നതിലുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ മരണത്തിലും അന്വേഷണവും ഉണ്ടാകും. അതായത് മുന്നറിയിപ്പുകള്‍ നേരത്തേ തന്നെ സ്വീകരിക്കുകയും അവയില്‍ നടപടി എടുക്കുകയും ചെയ്യും, അല്ലാതെ 25 വര്‍ഷത്തിന് ശേഷമല്ല! ഹാന്‍കോക്ക് വ്യക്തമാക്കി. രോഗികളും ജീവനക്കാരും ഉന്നയിച്ച വിഷയങ്ങളില്‍ എന്തു നടപടിയെടുത്തു എന്നത് ട്രസ്റ്റുകള്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യണം.
ഇതിനായി നിയമ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോസ്പോര്‍ട്ട് വാര് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 1988നും 2000നുമിടയില്‍ 656 രോഗികള്‍ മരിച്ചതിന് ഉത്തരവാദി ഡോ.ജെയിന് ബാര്ട്ടന് സ്വീകരിച്ച നിലപാടുകളാണെന്ന് വ്യക്തമായിരുന്നു. മരിച്ച രോഗികളുടെ ബന്ധുക്കള്‍ ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ശല്യക്കാരെന്ന് ഡോക്ടര്‍ക്ക് തോന്നിയ രോഗികള്‍ക്ക് അനാവശ്യ മരുന്നുകള്‍ നല്‍കിയെന്നും രോഗികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടുവെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
Leave a Reply