ബ്രിട്ടനില്‍ മലേറിയ കണ്ടെത്താന്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ രോഗം ബാധിച്ച കുട്ടികളുടെ സോക്‌സില്‍ നിന്നുള്ള ഗന്ധം തിരിച്ചറിഞ്ഞ് രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെ നായകള്‍ക്ക് സാധിക്കുമെന്ന് വിജയകരമായി തെളിഞ്ഞിരിക്കുകയാണ്. സോക്‌സുകളിലുള്ള രോഗാണുക്കളെ പരിശീലനം നേടിയ നായകള്‍ക്ക് തിരിച്ചറിയാനാകും. ഇത് രോഗത്തിന് നേരത്തേ തന്നെ ചികിത്സ ലഭ്യമാക്കാന്‍ സഹായകമാകുകയും ചെയ്യും. ഓരോ വര്‍ഷവും അര ലക്ഷത്തിലേറെ ആളുകള്‍ മലേറിയ ബാധിച്ച് മരിക്കുന്ന ആഫ്രിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ ഈ പരിശീലനം നേടിയ നായകളെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് ലാബ്രഡോര്‍ നായകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശീലനം നല്‍കി തയ്യാറാക്കിയിരിക്കുന്നത്. ഒരു സ്പ്രിംഗ് സ്പാനിയല്‍ കൂടി ഈ സംഘത്തിലേക്ക് ഉടന്‍ ചേരും.

വിമാനത്താവളങ്ങളില്‍ മയക്കുമരുന്നുകളും മറ്റും കണ്ടെത്താന്‍ നായകളെ ഉപയോഗിക്കുന്നതു പോലെ മലേറിയ കണ്ടെത്താനും ഇവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.സ്റ്റീവ് ലിന്‍ഡ്‌സേ പറയുന്നു. മലേറിയ മുക്തമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗം പരത്തുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചതായി നേരത്തേ തിരിച്ചറിയുന്നതിലൂടെ ചികിത്സ തേടാനും സാധിക്കുമെന്ന് പ്രൊഫസര്‍ പറഞ്ഞു. കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്. മരുന്നുകളിലൂടെ രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാകും. ഗാംബിയയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യൂണിറ്റും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 175 കുട്ടികളുടെ സോക്‌സുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇവരോട് രാത്രിയില്‍ സോക്‌സുകള്‍ ധരിച്ച് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കുട്ടികളില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായിരുന്നു. ഈ സോക്‌സുകള്‍ മില്‍ട്ടന്‍ കെയിന്‍സ് ചാരിറ്റി മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗുകള്‍ക്ക് പരിശീലനത്തിനായി എത്തിച്ചു. ലെക്‌സി എന്ന ലാബ്രഡോര്‍-ഗോള്‍ഡന്‍ റെട്രീവര്‍ ക്രോസും സാലി എന്ന ലാബ്രഡോറുമാണ് ആദ്യം പരിശീലനം നേടിയത്. രോഗബാധയുള്ള 70 ശതമാനം സാംപിളുകളും രോഗബാധയില്ലാത്ത 90 ശതമാനം സാംപിളുകളും ഇവ തിരിച്ചറിഞ്ഞു. പിന്നീട് ഫ്രേയ എന്ന സ്പ്രിംഗ് സ്പാനിയലിനു കൂടി ഇതേ പരിശീലനം നല്‍കി. തങ്ങള്‍ പരിശീലിപ്പിച്ച നായകള്‍ നേരത്തേ ക്യാന്‍സറും പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതും കണ്ടെത്തിയിരുന്നുവെന്ന് എംഡിഡി തലവന്‍ ഡോ.ക്ലെയര്‍ ഗസ്റ്റ് പറഞ്ഞു.