ബ്രെക്‌സിറ്റില്‍ ഈ ഞായറാഴ്ച നടക്കാനിരിക്കുന്നത് നിര്‍ണ്ണായക ചര്‍ച്ചകള്‍. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പങ്കെടുക്കും. ബ്രെക്‌സിറ്റില്‍ രൂപപ്പെടേണ്ട ധാരണ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചയെന്നാണ് സൂചന. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ വ്യക്തത വരുത്താതെ ബ്രെക്‌സിറ്റ് ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സ്‌പെയിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഞായറാഴ്ചയ്ക്കു മുമ്പ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി തിടുക്കത്തില്‍ നടത്തുന്ന ബ്രസല്‍സ് യാത്ര എന്തെങ്കിലും അടിയന്തര പ്രശ്‌നങ്ങള്‍ കാരണമല്ലെന്നും നമ്പര്‍ 10 സ്ഥിരീകരിച്ചു.
യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തിന് ചില ഡോക്യുമെന്റുകള്‍ ഉലച്ചിലുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ബുധനാഴ്ച തെരേസ മേയ് സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും ജിബ്രാള്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ബ്രെക്‌സിറ്റ് കരടു ധാരണ യുകെയും ബ്രസല്‍സും അംഗീകരിച്ചിട്ടുണ്ട്. 585 പേജുള്ള ധാരണയില്‍ പൗരാവകാശങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.
ധാരണയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചില ടോറി എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും മാറ്റങ്ങളുണ്ടാകുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും നല്‍കുന്ന സൂചന. സമയബന്ധിതമായി ധാരണയ്ക്ക് അന്തിമരൂപം നല്‍കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍. യുകെയുമായുള്ള ഭാവി ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. പക്ഷേ യൂണിയനില്‍ അംഗങ്ങളായ പല രാജ്യങ്ങളുടെയും എതിര്‍പ്പും ഇക്കാര്യത്തിലുണ്ട്.
Leave a Reply