ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പന്തൽകൂട്ടം രഘുകുമാറിനെ വെറുതെവിട്ട ഹൈക്കോടതിവിധി നേരത്തെയുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നു. രഘുകുമാർ അല്ല യഥാർഥ പ്രതിയെന്നും, യഥാർഥ പ്രതികൾ വിലങ്ങിനുപുറത്താണെന്നുമുള്ള ആരോപണമാണ് ഹൈക്കോടതിവിധി വീണ്ടും ഉയർത്തുന്നത്. തുരുത്തിപ്പറന്പ് വരപ്രസാദനാഥ ദേവാലയ വികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പിള്ളി 2004 സെപ്റ്റംബർ 28നു തിരുവോണ ദിവസം പുലർച്ചെയാണ് പള്ളിമേടയുടെ വരാന്തയിൽ കുത്തേറ്റു മരിച്ചുവീണത്. സംഭവം കഴിഞ്ഞ് പത്താം ദിവസമാണ് രഘുകുമാർ അറസ്റ്റിലായത്.
കൊലപാതകം കഴിഞ്ഞ് അന്വേഷണം നടത്തിയ പോലീസ് ആദ്യം പറഞ്ഞതു നാലു പ്രതികൾ ഉണ്ടെന്നായിരുന്നു. ഇവരെ പിടികൂടിയെന്നും പറഞ്ഞ പോലീസ് പൊടുന്നനെ കാര്യങ്ങൾ മാറ്റിമറിച്ചു. പിടിയിലായവരെ വിട്ടയച്ചു. കേസിൽ ഒരു പ്രതിയെ ഉള്ളൂവെന്നും ലഹരിക്ക് അടിമയായ രഘുകുമാർ ആരുടെയും പ്രേരണയില്ലാതെ വൈദികനെ കൊലപ്പെടുത്തിയെന്നുമായി പോലീസ് ഭാഷ്യം. എന്നാൽ ഈ കഥ നാട്ടുകാർക്കും വിശ്വാസികൾക്കും സ്വീകാര്യമായിരുന്നില്ല. യഥാർഥ പ്രതികളെ ഉടനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രക്ഷോഭങ്ങളുണ്ടായി. ഇതിനെതുടർന്ന് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചതിനുശേഷമാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ, തുടർന്നുള്ള അന്വേഷണങ്ങളും എങ്ങനെയോ തേഞ്ഞുമാഞ്ഞുപോയി.
അറസ്റ്റിലായ രഘുകുമാർ, താനല്ല യഥാർഥ പ്രതിയെന്നും പറഞ്ഞ് ജയിലിൽ ദിവസങ്ങളോളം നിരാഹാരം അനുഷ്ഠിച്ചിരുന്നു.ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ ദാരുണമായ വധത്തിനു പിന്നിൽ ഇന്നും അവശേഷിക്കുകയാണ്, 14 വർഷങ്ങൾക്കുശേഷവും. മാസങ്ങളായി നാട്ടിലില്ലാതിരുന്ന രഘുകുമാർ തിരുവോണദിവസം എങ്ങനെ ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്താൻവേണ്ടി പള്ളിമേടയിലെത്തി. മരിക്കുന്നതിന്റെ ആറുമാസം മുന്പുമാത്രം വികാരിയായി തുരുത്തിപ്പറന്പിൽ എത്തിയ ജോബച്ചനെ ഒരിക്കൽപോലും കാണാത്ത രഘുകുമാർ എന്തിനു കൊലപ്പെടുത്തി. വൈദികന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയോ വൈദികമന്ദിരത്തിലെ സാധനങ്ങളോ പണമോ മോഷ്ടിക്കാതിരുന്ന ഘാതകന്റെ കൊലപാതകത്തിനു പിന്നിലുള്ള ഉദ്ദേശ്യം എന്തായിരുന്നു?
ആരോ രഘുകുമാറിനെ കരുവാക്കിയതാവാമെന്ന് ഇതിൽനിന്നും വ്യക്തമാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്ത ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതും മറ്റു ചിലരെല്ലാം ഒളിവിൽ പോയതും എന്തിനായിരുന്നു. സാമുദായികമായോ വർഗീയമായോ യാതൊരു സംഘർഷങ്ങളും ഇല്ലാതിരുന്ന തുരുത്തിപ്പറമ്പിൽ എല്ലാവർക്കും ഉപകാരിയായ ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന സത്യങ്ങൾ എന്നെങ്കിലും പുറത്തുവരുമോ എന്നതാണ് വിശ്വാസികളും പൊതുജനങ്ങളും അധികാരികൾക്കു മുന്നിൽ ഇന്നും ഉയർത്തുന്ന ചോദ്യം. സി ബി ഐ ഏറ്റെടുത്തു അനോഷിച്ച കേസ് ഇത്തരത്തിൽ അവസാനിച്ചപ്പോൾ ഇനിയെന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Leave a Reply