ഓസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ചരിത്രമെഴുതാൻ വെമ്പുന്ന ഇന്ത്യ സിഡ്നിയിൽ നടക്കുന്ന നാലാമത്തെയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ നിലയിൽ. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവും പേറി ഒരിക്കൽക്കൂടി സെഞ്ചുറിനേട്ടത്തിലേക്കു ബാറ്റുവീശിയ ‘നവ മതിൽ’ ചേതേശ്വർ പൂജാരയുടെ ഇന്നിങ്സിന്റെ കരുത്തിൽ ഇന്ത്യൻ സ്കോർ 230 കടന്നു. 73 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയ പൂജാര 100 റൺസോടെയും ഹനുമ വിഹാരി അഞ്ചു റണ്സോടെയും ക്രീസിൽ
തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്വല അർധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം സമ്മാനിച്ച ഓപ്പണർ മായങ്ക് അഗർവാൾ (77), തിരിച്ചുവരവിനു ലഭിച്ച അവസരം പാഴാക്കി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ ലോകേഷ് രാഹുൽ (ഒൻപത്), ക്യാപ്റ്റൻ വിരാട് കോഹ്ലി (23), വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (18) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓസീസിനായി ജോഷ് െഹയ്സൽവുഡ് രണ്ടും നേഥൻ ലയൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
പതിവുിനു വിപരീതമായി 12 അംഗ ടീമിനു പകരം 13 അംഗ ടീമിനെയാണ് ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. വയറ്റിലെ പേശിക്കു പരുക്കേറ്റ സ്പിന്നർ രവിചന്ദ്ര അശ്വിനായിരുന്നു പതിമൂന്നാമൻ. പരമ്പരാഗതമായി സ്പിൻ ക്രിക്കറ്റർമാരുടെ ഇഷ്ടഭൂമിയായ സിഡ്നിയിൽ താരത്തെ കളിപ്പിക്കാൻ ഇന്ത്യ ആവതു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഫിറ്റ്നസ് തിരിച്ചെടുക്കാൻ സാധിക്കാതിരുന്ന അശ്വിനെ കളിപ്പിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അശ്വിനു പുറമെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഉമേഷ് യാദവിനെയും ഇന്ത്യ പുറത്തിരുത്തി
ഇതോടെ, ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് കളിക്കാൻ കുൽദീപ് യാദവിന് അവസരം ലഭിച്ചു. കുൽദീപിനു പുറമെ രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ രണ്ടു സ്പിന്നർമാരുമായിട്ടാണ് കളിക്കുന്നത്. ഇവർക്കു പുറമെ പാർട് ടൈം സ്പിന്നറായി ഹനുമ വിഹാരിയുമുണ്ട്. ജസ്പ്രീത് ബുമ്ര–മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസ് ബോളർമാർ. അടുത്ത കാലത്തായി ഒട്ടും ഫോമിലല്ലാത്ത ലോകേഷ് രാഹുലിന് വീണ്ടും ഓപ്പണറായി അവസരം ലഭിച്ചതാണ് മറ്റൊരു വിശേഷം
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. തന്റെ ‘രാഹു കാലം’ അവസാനിച്ചില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച സ്കോർ ബോർഡിൽ 10 റൺസു മാത്രമുള്ളപ്പോൾ രാഹുൽ പുറത്തായി. ആറു പന്തിൽ രണ്ടു ബൗണ്ടറി സഹിതം അതിവേഗം സ്കോറിങ്ങിനു തുടക്കമിട്ട രാഹുൽ അതിലും വേഗത്തിൽ പുറത്തായി.
പിന്നീടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായിത്തീർന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ ഒരുമിച്ച പൂജാര–അഗർവാൾ കൂട്ടുകെട്ട് ഇന്ത്യയെ അനായാസം നൂറു കടത്തി. മെൽബണിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലേതിനു സമാനമായി ബാറ്റുവീശിയ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അഗർവാൾ പുറത്തായി. അർഹിച്ച സെഞ്ചുറി ഇക്കുറിയും സ്വപ്നമാക്കി 112 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 77 റൺസോടെയായിരുന്നു അഗർവാളിന്റെ മടക്കം
ഇന്ത്യയുടെ സമീപകാല ടെസ്റ്റ് വിജയങ്ങളിൽ നിർണായക സാന്നിധ്യമായ പൂജാര–കോഹ്ലി കൂട്ടുകെട്ടിന്റേതായിരുന്നു അടുത്ത ഊഴം. മൂന്നാം വിക്കറ്റിൽ അതീവശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 54 റൺസ് കൂട്ടുകെട്ടിനൊടുവിൽ കോഹ്ലിയെ ഹെയ്സൽവുഡ് മടക്കി. 59 പന്തിൽ നാലു ബൗണ്ടറി സഹിതം 23 റൺസുമായി കോഹ്ലി കൂടാരം കയറി. നാലാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പവും പൂജാര മികച്ച കൂട്ടുകെട്ടു തീർത്തു. 48 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ രഹാനെയെ സ്റ്റാർക്ക് പുറത്താക്കി. 55 പന്തിൽ ഒരു ബൗണ്ടറി സഹിതം 18 റൺസുമായാണ് രഹാനെ പുറത്തായത്.
ഒടുവിൽ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് പൂജാര അർഹിച്ച സെഞ്ചുറിയിലേക്കെത്തി. 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി പൂർത്തിയാക്കിയത്
Leave a Reply