തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1137 കേസുകള്‍. 13,000ത്തിലധികം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ 10,024 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. തിരിച്ചറിഞ്ഞവരില്‍ 9193 പേര് സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഗവണര്‍ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനോടനുബന്ധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളും സി.പിഎം ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. കെ.എസ്.ആര്.ടി.സിക്ക് മാത്രമായി 3 കോടിയിലേറെ രൂപയാണ് ഹര്‍ത്താല്‍ ദിനത്തില്‍ നഷ്ടമുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്.
അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലീസ് സ്റ്റേഷനുകളിലായി 15 പേര് അറസ്റ്റിലായി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും നടന്നതായി മുഖ്യമന്ത്രി ഗവണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്രമികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. അക്രമത്തില്‍ പങ്കെടുത്തവര്‍ നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ സ്വത്തുക്കളില്‍ നിന്ന് ഈടാക്കാനുള്ള നിയമ സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്.
Leave a Reply