ബ്രെക്‌സിറ്റ് ബില്ലിന് കോമണ്‍സിലേറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോമണ്‍സില്‍ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം താണ്ടിയ തെരേസ മേയ് വിളിച്ച കൂടിക്കാഴ്ചയില്‍ ജെറമി കോര്‍ബിന്‍ പങ്കെടുത്തില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിനു ശേഷമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെ മേയ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ബ്രെക്‌സിറ്റ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാത്ത കോര്‍ബിന്റെ നിലപാടില്‍ നിരാശയുണ്ടെന്ന് പിന്നീട് തെരേസ മേയ് പറഞ്ഞു. ഇന്നലെ നടന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ 19 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തലനാരിഴയ്ക്കാണ് മേയ് രക്ഷപ്പെട്ടത്.

നോ-ഡീല്‍ ബ്രെക്‌സിറ്റ് എന്ന ആശയത്തില്‍ നിന്ന് പിന്മാറാതെ നമ്പര്‍ 10ല്‍ തെരേസ മേയുമായി കൂടിക്കാഴ്ചക്കില്ലെന്നാണ് കോര്‍ബിന്‍ വ്യക്തമാക്കിയത്. അതേ സമയം ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍, എസ്എന്‍പിയുടെ ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ്, പ്ലെയിഡ് സിമ്രുവിന്റെ സവില്‍ റോബര്‍ട്ട്‌സ് എന്നിവരുമായി വളരെ അര്‍ത്ഥവത്തായ ചര്‍ച്ചയാണ് നടന്നതെന്നും ഡിയുപിയുടെ എംപിമാരുള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ലേബര്‍ നേതാവ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ലേബറിനായി വാതിലുകള്‍ എന്നും തുറന്നു തന്നെ കിടക്കുമെന്നും അവര്‍ പറഞ്ഞു.

ഗവണ്‍മെന്റ് പാര്‍ലമെന്റിന്റെ വിശ്വാസം നേടിയിരിക്കുകയാണ്. ബ്രെക്‌സിറ്റ് ഈ ഗവണ്‍മെന്റ് തന്നെ സാധ്യമാക്കണമെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരികയെന്ന ജനതയുടെ നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് തന്റെ ചുമതലയെന്ന് വിശ്വസിക്കുന്നുവെന്നും അത് നടപ്പാക്കിയിരിക്കുമെന്നും അവര്‍ പറഞ്ഞു.