അബുദാബി • ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് വത്തിക്കാനില്‍ നിന്നു പുറപ്പെട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തും. യാത്രപുറപ്പെടും മുമ്പേ അദ്ദേഹം എല്ലാവരോടും പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്തു. യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും അദ്ദേഹം കുറിച്ചു. അതിനു മുമ്പ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രാര്‍ഥനയില്‍ അദ്ദേഹം യമനിലെ യുദ്ധം അവസാനിപ്പിക്കാനായി വിശ്വാസികളുടെ പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ വലയുകയാണെന്നും തുടര്‍ച്ചയായ യുദ്ധത്തിലൂടെ ജനതകള്‍ തുടച്ചുനീക്കപ്പെടുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
നിരത്തുകളിലെങ്ങും സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പല്‍ പതാകയും നിറഞ്ഞുകഴിഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.അല്‍ മുഷ്‌റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഇന്നു രാവിലെ സംഗമം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ മതങ്ങളുടെ പ്രതിനിധികളായി എഴുനൂറോളം പേര്‍ പങ്കെടുക്കും. ഫൗണ്ടഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന സമാപനയോഗത്തില്‍ നാളെ വൈകിട്ടാണു മാര്‍പാപ്പ സന്ദേശം നല്‍കുക. ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
മതസൗഹാര്‍ദസന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും. തുടര്‍ന്നാണു സാഹോദര്യ സംഗമവേദിയിലേക്കു തിരിക്കുക. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും. അഞ്ചിനു രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ പങ്കെടുക്കും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ