ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കോട്ടിഷ് ലേബർ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് അനസ് സർവർ ചുമതലയേറ്റു. ആദ്യമായാണ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 57.6 ശതമാനം വോട്ടാണ് അനസിനു ലഭിച്ചത്. എതിരാളിയായിരുന്ന മോണിക്ക ലെന്നോനു 42.4 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. ജനുവരിയിൽ റിച്ചാർഡ് ലിയോനർഡ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിലേക്കു പാർട്ടിയെ ഉയർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുകെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ അനസിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയും അദ്ദേഹം അറിയിച്ചു. തുല്യതയുള്ള യജ്ഞത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാൾ നേതാവായിരിക്കുന്നത് വളരെയധികം പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ഫസ്റ്റ് മിനിസ്റ്റർ നിക്കൊള സ്റ്റാർജിയോണും ആശംസകൾ അറിയിച്ചു. സ്കോട്ടിഷ് ലേബർ പാർട്ടിയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം ആണെന്ന് ഷാഡോ ഫോറിൻ സെക്രട്ടറി ലിസ നാണ്ടി അറിയിച്ചു.